പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റായ ആർ. കൃഷ്ണയ്യർ വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു
ചോദ്യം: ഒരു വ്യക്തി കയ്യിലുള്ള സ്വർണം വിൽക്കുമ്പോൾ എന്തൊക്കെ നികുതിബാധ്യതയാണു വരാവുന്നത്? ജിഎസ്ടി ഇതിനു ബാധകമാണോ? ∙ ഗീതാകുമാരി, ആലുവ
ഉത്തരം: ബിസിനസിന്റെ ഭാഗമായല്ലാതെ വ്യക്തികൾ സ്വർണം വിൽക്കുമ്പോഴും ലാഭത്തിന് ആദായ നികുതി നൽകണം. വാങ്ങി രണ്ടു വർഷത്തിൽ താഴെ കൈവശം വച്ചിരുന്നുള്ളൂവെങ്കിൽ ലാഭം ഷോർട്ട് ടേം ക്യാപ്പിറ്റൽ ഗെയിൻ അഥവാ ഹ്രസ്വകാല മൂലധന നേട്ടമായാണു കണക്കാക്കുന്നത്. മറ്റു വരുമാനങ്ങൾക്കൊപ്പം ചേർത്ത് സ്വർണ വിൽപനയിൻമേലുള്ള ലാഭത്തിനും ആദായനികുതി അടയ്ക്കണം.
അതായത് മറ്റു വരുമാനങ്ങൾ ഉൾപ്പെടെ രണ്ടര ലക്ഷം രൂപയിൽ താഴെയാണു നികുതി ബാധകമായ വരുമാനമെങ്കിൽ ആദായ നികുതി ബാധകമല്ല. (60 വയസ് തികഞ്ഞ മുതിർന്ന പൗരൻ ആണെങ്കിൽ 3 ലക്ഷം രൂപ വരെയും 80 വയസ് തികഞ്ഞിട്ടുണ്ടെങ്കിൽ 5 ലക്ഷം രൂപ വരെയുമാണ് നികുതി ഒഴിവ്) നികുതി ഒഴിവുള്ള പരിധിക്ക് മേൽ 5 ലക്ഷം രൂപ വരെ 5 ശതമാനമാണ് നികുതി നിരക്ക്. 5 ലക്ഷം മുതൽ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് 30 ശതമാനവുമാണ് നികുതി നിരക്ക്. മൊത്തം വരുമാനം 50 ലക്ഷത്തിൽ കൂടിയാൽ 10 ശതമാനം സർചാർജുണ്ട്. വരുമാനം ഒരു കോടി രൂപയിൽ കൂടിയാൽ 15 ശതമാനമാണ് സർചാർജ്. മേൽപ്രകാരം കണക്കാക്കുന്ന നികുതിയിൻമേൽ 3 ശതമാനം വിദ്യാഭ്യാസ സെസ്സുമുണ്ട്.
സ്വർണം രണ്ടു വർഷത്തിൽ കൂടുതൽ കൈവശം വച്ച ശേഷമാണു വിൽക്കുന്നത് എങ്കിൽ ലാഭം ദീർഘകാല മൂലധന ലാഭമാണ് (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻ) പൈതൃകമായോ, സമ്മാനമായോ ലഭിച്ച സ്വർണമാണെങ്കിൽ മുൻപ് കൈവശം വച്ചിരുന്നയാളുടെ പക്കലുണ്ടായിരുന്ന കാലവും കൂടി പരിഗണിക്കും. ദീർഘകാല മൂലധന ലാഭത്തിൻമേൽ 20 ശതമാനം നിരക്കിലാണ് നികുതി (നികുതി ഒഴിവുള്ള പരിധിക്കു മേലുള്ള തുകയ്ക്കും) 3 ശതമാനം വിദ്യാഭ്യാസ സെസ്സും 50 ലക്ഷം, ഒരു കോടി പരിധിക്കു മുകളിലുള്ള തുകയ്ക്ക് സർചാർജും ഉണ്ട്.
സ്വർണം വാങ്ങിയപ്പോൾ നൽകിയ വില ഇൻഡക്സ് ചെയ്താണ് ലാഭം കണക്കാക്കുന്നത്. ആദായ നികുതി വകുപ്പ് 2001–02 അടിസ്ഥാന വർഷമായി കണക്കാക്കി 100 മുതൽ ഇൻഡക്സ് നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2017–18 സാമ്പത്തിക വർഷത്തിന്റെ ഇൻഡക്സ് 272 ആണ്. അതായത് 2001–02 ൽ 10,000 രൂപയ്ക്കു വാങ്ങിയ സ്വർണം 2017–18ൽ വിൽക്കുമ്പോൾ വില 27,200 ആയി പരിഗണിച്ചു ലാഭം കണക്കാക്കണം. 2001–നു മുൻപ് വാങ്ങിയതോ, പൈതൃകമായി ലഭിച്ച സ്വർണമോ ആണെങ്കിൽ 2001 ഏപ്രിൽ ഒന്നിലെ വിപണി വില ഇപ്രകാരം ഇൻഡക്സ് ചെയ്ത് ലാഭം കണക്കാക്കാം.
ദീർഘകാല മൂലധന നേട്ടത്തിൻമേലുള്ള നികുതി ഒഴിവാക്കാനും മാർഗമുണ്ട്. (1) 54 ഇ സി വകുപ്പു പ്രകാരമുള്ള ബോണ്ടുകളിൽ മൂന്ന് വർഷത്തേക്ക് ആറു മാസത്തിനകം മുഴുവൻ തുക നിക്ഷേപിച്ചാൽ മുഴുവൻ നികുതിക്കും ഒഴിവ് ലഭിക്കും. ഭാഗികമായി നിക്ഷേപിച്ചാൽ ആനുപാതികമായി കിഴിവ് ലഭിക്കും. സ്വർണ വിൽപന ബിസിനസിന്റെ ഭാഗമായല്ലാത്തതിനാൽ ജിഎസ്ടി ബാധകമല്ല.