കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്‍റെ തളിപ്പറമ്പ് മെയിൻ ശാഖയിൽ മുക്കുപണ്ടം പണംവച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അസിസ്റ്റന്റ് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ടി വി രമയെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രമയുടെ മകൻ ടി വി വിനേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു
ഒളിവിൽ കഴിയുകയായിരുന്ന ടി വി രമയെ വീട്ടിൽനിന്നാണ് പിടികൂടിയത്. രമ വീട്ടിലെത്തിയ വിവരമറിഞ്ഞ് പൊലീസും പിന്നാലെയെത്തി. ഉടൻ തന്നെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുറകെ ഓടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ രമയെ പിടികൂടുകയായിരുന്നു. മകൻ ടി വി വിനേഷിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മകന്റെ പേരിലും ബാങ്കിൽ മുക്കുപണ്ടം ഈട് വെച്ച് പണം എടുത്തിരുന്നു. വിനേഷിനെ അറിയിക്കാതെയായിരുന്നു ഈ തട്ടിപ്പ്. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞ അപ്രൈസർ ഷഡാനനനെ ജില്ലാ ബാങ്ക് ആസ്ഥാനത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനേജർ ഇ ചന്ദ്രൻ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
ഞാറ്റുവയൽ സ്വദേശിയായ ഹസ്സൻ പണയംവെച്ച സ്വർണ്ണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം ലഭിച്ചതാണ് കേസിന്റെ തുടക്കം. ബാങ്ക് ജീവനക്കാർ ഇടപെട്ട് രണ്ടരലക്ഷം രൂപ നൽകി ഈ പരാതി ഒത്തുതീർപ്പാക്കി. സംഭവമറിഞ്ഞ പൊലീസ് ജില്ലാ ബാങ്കിനെ വിവരമറിയിച്ചു. തുടർന്ന് ജില്ലാ സഹകരണ ബാങ്ക് നേരിട്ട് നടത്തിയ പരിശോധനയിലാണ് അരക്കോടിയിലധികം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്.