നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജയില്‍വാസം തുടരവേ റീലിസ് ചെയ്ത രാമലീലയ്ക്ക് വന്വരവേല്പ്. പലതവണ റിലീസിങ് തീയതി മാറ്റിയ ചിത്രത്തിന് ആദ്യദിനം ലഭിച്ച സ്വീകരണത്തില്‍ അണിയറപ്രവര്‍ത്തകരും ദിലീപ് ആരാധകരും സന്തുഷ്ടരാണ്. ആദ്യ സിനിമയിലൂടെ അരുണ്‍ഗോപി എന്ന സംവിധായകനും വരവറിയിച്ചു.
ഒാട്ടോറിക്ഷയിൽ പൊലീസുകാരുടെ നടുവിലിരുന്ന് പൊതുജനസമക്ഷത്തിൽ വന്നിറങ്ങുന്ന രാമനുണ്ണി. രാമലീലയിലെ ദീലിപിൻറെ ആദ്യ സീൻ . ജീവിതത്തിൽ സംഭവിച്ചതിന് സമാനമായ ഷോട്ടിന് തിയറ്ററിൽ നിറഞ്ഞ കയ്യടി.
രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപിക്ക് പുറമെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം , നടി പ്രയാഗ മാര്ട്ടിന് ,നടന് കലാഭവന്‍ ഷാജോണ്‍ എന്നിവരും കൊച്ചിയില്‍ സിനിമ കണ്ടു.
സംവിധായകന് ജോഷി ഉൾപ്പടെയുള്ള സിനിമാപ്രവർത്തകരും കൊച്ചി സരിത തിയറ്ററിലെത്തിയിരുന്നു. ചെണ്ടമേളവും പാലഭിഷേകവുമൊക്കെയായാണ് രാമലീലയെ ആരാധകര്‍ വരവേറ്റത്.