സമുദ്രക്കനിയുടെ സംവിധാനത്തിൽ ജയറാം നായകനായ ‘ആകാശമിഠായി’ യാണ് ഇനിയയുടെ പുതിയ ചിത്രം. ജയറാമിന്റെ നായികയായി അമ്മ വേഷമാണ്. നാട്ടിൻപുറത്തുകാരി വീട്ടമ്മ ആകുന്നതിനു വേണ്ടി ചില്ലറ ‘അധ്വാനം’ വേണ്ടിവന്നു. ആസ്വദിച്ചു കഴിച്ച് അൽപം വണ്ണം കൂട്ടുകയെന്ന ഹോംവർക്ക് ചെയ്തതും സന്തോഷത്തോടെ തന്നെ.
കഥാപാത്രങ്ങൾ
വാരിവലിച്ച് പടങ്ങൾ ചെയ്യാറില്ല. ഒരു റോൾ കിട്ടിയാൽ അതിൽ എനിക്കെന്തു ചെയ്യാൻ കഴിയും എന്നാണു നോക്കുക. മോഡേൺ, ഗ്ലാമർ റോളുകളും ചെയ്തിട്ടുണ്ട്. പക്ഷേ, ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളേറെയും നാട്ടിൻപുറത്തുകാരിയുടേതാണ്.
മറ്റു ഭാഷകളിൽ
തമിഴിലാണു കൂടുതൽ നായികവേഷങ്ങൾ കിട്ടിയത്. ദേശീയ പുരസ്കാരം നേടിയ വാഗൈ സൂട വാ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അതിനു ലഭിച്ചു.
മലയാളത്തിൽ
അയാൾ, സ്വർണക്കടുവ തുടങ്ങിയ ചിത്രങ്ങളിലെല്ലാം നല്ല വേഷങ്ങളാണു കിട്ടിയത്. എനിക്കു ചെയ്യാൻ കഴിയുന്ന വേഷങ്ങൾ എന്നെ തേടിയെത്തുന്നുണ്ട്. മുഖ്യധാരാ നായിക ആകണമെന്നൊന്നും ആഗ്രഹിക്കുന്നില്ല.
കുടുംബം
അച്ഛനും അമ്മയും കലാപാരമ്പര്യമുള്ളവരാണ്. സഹോദരി സ്വാതി തമിഴ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. അനുജൻ ബാലതാരമായി സിനിമയിലുണ്ടായിരുന്നു. പ്രഫഷനിൽ കൂടുതൽ ശ്രദ്ധിക്കണം, ഇനിയുമേറെ പഠിക്കാനുണ്ട്; ചെയ്യാനുണ്ട്.