ഇന്ത്യൻ സിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ചിത്രമായിരുന്നു ബാഹുബലി. 1000 കോടി ഒരു മാന്ത്രിക സംഖ്യയല്ലെന്ന് തെളിച്ച ബാഹുബലിയാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്ക് കൈ കൊടുക്കാൻ നിർമാതാക്കൾക്ക് പ്രേരണ നൽകിയത്. ബാഹുബലിയുടെ മാന്ത്രിക വിജയത്തിന്റെ മാറ്റോലി മലയാളത്തിലും മുഴങ്ങി കേട്ടു, കർണൻ, മഹാഭാരതം, മാമാങ്കം തുടങ്ങി ഇതുവരെ മലയാളിക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത നിരവധി പ്രോജക്ടുകൾ അനൗൺസ് ചെയ്യപ്പെട്ടു.
ബാഹുബലിയുടെ റെക്കോർഡുകൾ തിരുത്തിയെഴുതാൻ ബ്രഹ്മാണ്ഡ വിസ്മയം ഈ തവണയെത്തുന്നത് ബോളിവുഡിൽ നിന്നാണ്. സാക്ഷാൽ സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതി. 160 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദീപിക വാങ്ങുന്നത് 11 കോടി രൂപയാണ്. രണ്‍വീറിനും ഷാഹിദിനും എട്ട് കോടി വീതമാണ് പ്രതിഫലം നല്‍കുന്നത്.
13 -14 നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും ഒരുക്കാൻ ആയിരക്കണക്കിനാളുകളുടെ അധ്വാനവും വർഷങ്ങളുടെ പരിശ്രമവുമാണ് വേണ്ടിവന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ട്രെയിലറിനും വൻ പ്രചാരമാണ് ലഭിച്ചത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപേ നിരവധി വിവാദങ്ങളും പത്മാവതിക്കൊപ്പം ഇടം പിടിച്ചു.രജപുത്ര വംശജരെ അപമാനിക്കുന്ന തരത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന ആരോപണവുമായി രജപുത്ര കര്‍ണിസേനരംഗത്ത് വന്നു. രാജസ്ഥാനിലെ ജയ്ഗഡ് ഫോര്‍ട്ടിലെ ചിത്രീകരണത്തിനിടെ ചിത്രത്തിന്‍റെ സെറ്റും, ചിത്രീകരണ ഉപകരണങ്ങളും തീയിട്ടു. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെകൈയ്യേറ്റം ചെയ്യുകയും, മര്‍ദിക്കുകയും ചെയ്തു.
മേവാറിലെ രജപുത്ര രാജ്ഞിയായിരുന്ന റാണി പത്മിനി എന്ന പത്മാവതിയുടെയും, ഖില്‍ജിരാജവംശത്തിലെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെയും അതീവ ഹൃദ്യമായ പ്രണയമാണ് ചിത്രം പറയുന്നത്. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പത്മാവതി അതിമനോഹരമായ ചിത്രമായിരിക്കുമെന്ന സാക്ഷാൽ രാജമൗലിയുടെ ട്വീറ്റും കൂടി പുറത്തു വന്നതോടെ വൻ പ്രതീക്ഷയിലാണ് ആരാധകർ. പത്മാവതി ഇന്ത്യൻ സിനിമ ചരിത്രത്തെ മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.