ശസ്ത്രക്രിയ എന്നു കേൾക്കുമ്പോഴേ ഭയപ്പെട്ടിരിക്കുന്നവരും അലറി വിളിക്കുന്നവരും അറിഞ്ഞിരിക്കണം ബാഹുബലി സിനിമ കണ്ട് ശസ്ത്രക്രിയ ചെയ്ത ആന്ധ്രപ്രദേശിലെ വിനയകുമാരിയെ. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെത്തുടർന്നാണ് നഴ്സു കൂടിയായ വിനയകുമാരിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചത്. അതും ഉണർന്നിരിക്കുമ്പോൾത്തന്നെ ചെയ്യേണ്ടതും. വിനയകുമാരിയുടെ ഭയം അകറ്റാനാണ് സിനിമ കാണിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. തല തുറന്നുള്ള ശസ്ത്രക്രിയയ്ക്കിടെ സിനിമ കാണുന്നതും പാട്ടുമൂളുകയും ചെയ്യുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
തലച്ചോറിലെ ഇടത് സെൻസറി കോർട്ടക്സ് ആണ് അനസ്തേഷ്യ ഉപയോഗിക്കാതെ ന്യൂറോ സർജൻ ഡോ. ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്.
ഒന്നര മണിക്കൂറായിരുന്നു ശസ്ത്രക്രിയയ്ക്ക് എടുത്ത സമയം. എന്നാൽ സിനിമ കണ്ടു തീരുന്നതിനു മുന്നേ ശസ്ത്രക്രിയ തീർന്നതിന്റെ ദുഃഖത്തിലാണ് വിനയകുമാരി. കുറച്ചുനേരം കൂടി ഉണ്ടായിരുന്നെങ്കിൽ സിനിമ മുഴുവൻ കണ്ടു തീർക്കാമായിരുന്നെന്നും അവർ പറഞ്ഞു.