ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകൾ വഴി തിരുവോണത്തിനു വിറ്റതു 43.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷം ഇതു 38.86 കോടി ആയിരുന്നു. കഴിഞ്ഞവർഷത്തെ ഉത്രാടത്തിന് 64.39 കോടി രൂപയുടെ വിൽപന നടന്നപ്പോൾ ഇത്തവണ 71 കോടി രൂപയായി. അത്തം മുതൽ തിരുവോണം വരെ ബവ്കോ ചില്ലറ വിൽപനശാലകൾക്കു ലഭിച്ചത് 484.22 കോടി രൂപ. കഴിഞ്ഞവർഷം ഇതേദിവസങ്ങളിൽ ലഭിച്ചത് 450 കോടി രൂപ. കൺസ്യൂമർഫെഡിന്റെ ചില്ലറ വിൽപനശാലകളിലെ തിരുവോണദിന വിൽപനയുടെ കണക്കു പുറത്തുവന്നിട്ടില്ല.
ഉത്രാടത്തിന് 5.48 കോടി രൂപയുടെ മദ്യമാണു വിറ്റത്. ബീയർ–വൈൻ പാർലറുകൾ, ബാർ എന്നിവ വഴി ഉത്രാടത്തിന് 1.61 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ബീയർ–വൈൻ പാർലറുകളും ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകളും മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. കഴിഞ്ഞ ഉത്രാടത്തിനു വിറ്റത് 59.35 ലക്ഷം രൂപയുടെ മദ്യം. ചില്ലറ വിൽപനശാലകളിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് ഇരിങ്ങാലക്കുട(തൃശൂർ)യിലാണ്. തേങ്കുറിശി (പാലക്കാട്) രണ്ടാം സ്ഥാനത്തും വളഞ്ഞവട്ടം (പത്തനംതിട്ട) മൂന്നാം സ്ഥാനത്തും തിരൂർ (മലപ്പുറം) നാലാം സ്ഥാനത്തുമെത്തി.