കാസർകോട് ബെദ്രഡുക്കയിൽ വിദേശമദ്യത്തിന്റെ വൻശേഖരം പിടികൂടി. എക്സൈസ് ആന്റി നാർകോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 772 കുപ്പി വിദേശമദ്യം പിടിച്ചെടുത്തത്. ബെദ്രഡുക്കയിലും സമീപപ്രദേശങ്ങളിലും കർണാടക നിർമ്മിത വിദേശമദ്യം അനധികതമായി വിൽപന നടത്തുന്നു എന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
രാംനഗർ സ്വദേശി ഉദയനാണ് ഈ മദ്യക്കച്ചവടം നിയന്ത്രിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം രാംനഗറിൽ എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ പരസ്യമായി മദ്യവിൽപന നടത്തിയിരുന്ന ഉദയൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് അന്വേഷണസംഘം പാതയോരത്തെ കലുങ്കിനടിയിൽ നടത്തിയ പരിശോധനയിൽ ചാക്കിലും കാർഡ്ബോഡ് പെട്ടികളിലുമായി ഒളിപ്പിച്ച നിലയൽ മദ്യം പിടിച്ചെടുത്തു. ഇതിൽ പാക്കറ്റ് മദ്യവും ഉൾപ്പെടും.
കർണാടകയിൽ അരലക്ഷത്തിലധികം രൂപ ഈ മദ്യശേഖരത്തിന് വിലവരുമെന്നാണ് എക്സൈസ് കണക്കാക്കുന്നത്. ഇരട്ടിയിലധികം വിലയ്ക്കാണ് ഉദയന്റെ മദ്യവിൽപന. ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായിരിക്കം ഇത്രയധികം അളവിൽ മദ്യം ശേഖരിച്ചതെന്നാണ് എക്സൈസിന്റെ നിഗമനം.
ഇവിടെ നിന്ന് സ്ഥിരമായി മദ്യം വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം നടത്തും. സമാനമായരീതിയിൽ നേരത്തേയും വിദേശമദ്യ ശേഖരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയിരുന്നു.