എഴുപത് കുപ്പി വിദേശമദ്യവുമായി വടകരയില്‍ ബംഗാള്‍ സ്വദേശി എക്സൈസിന്റെ പിടിയില്‍. നിര്‍മാണത്തൊഴിലാളി ജോയ്ക്കിന്‍ കെറിയയാണ് പിടിയിലായത്. മാഹിയില്‍ മദ്യശാലകള്‍ വീണ്ടും തുറന്നതോടെയാണ് നിര്‍മാണ ജോലി ഒഴിവാക്കി ഇദ്ദേഹം മദ്യവില്‍പന തുടങ്ങിയത്.
മാഹിയില്‍ അടച്ചിരുന്ന മദ്യശാലകള്‍ വീണ്ടും തുറന്നതോടെ നിര്‍ത്തിവച്ചിരുന്ന മദ്യവില്‍പന ജോയ്ക്കിന്‍ കെറിയ പുനരാരംഭിച്ചു. ചെറിയ വിലയുള്ള മദ്യം വാങ്ങി ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇരട്ടി തുകയ്ക്ക് വില്‍ക്കുന്നതായിരുന്നു രീതി. ബാഗില്‍ തൊഴില്‍ ഉപകരണങ്ങള്‍ക്കിടയില്‍ മദ്യമൊളിപ്പിച്ച് ചെറുവഴികളിലൂടെ അതിര്‍ത്തി കടക്കും. നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നവര്‍ക്ക് മദ്യക്കുപ്പി കൈമാറും. അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് അഴിയൂര്‍ ചെക്ക്പോസ്റ്റ് വഴി മദ്യം കടത്താനുള്ള ശ്രമത്തിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.
മൂന്ന് വര്‍ഷം മുന്‍പാണ് ജോയ്ക്കിന്‍ കെറിയ നിര്‍മാണജോലിക്കായി വടകരയിലെത്തിയത്. മാഹിയിലെ മദ്യവില്‍പന സാധ്യത കണക്കിലെടുത്ത് ചില്ലറ കച്ചവടക്കാരനായി. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് മാഹിയില്‍ മദ്യശാല പൂട്ടിയതോടെ വീണ്ടും നിര്‍മാണ ജോലിക്കിറങ്ങി. കഴിഞ്ഞയാഴ്ചയാണ് മദ്യവില്‍പനയിലേയ്ക്ക് മടങ്ങിയത്.