കുട്ടനാടന്‍ കരിമീന്‍ എന്ന പേരില്‍ ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയില്‍ വില്‍ക്കുന്നതില്‍ ഏറെയും ആന്ധ്ര കരിമീന്‍. ഉല്‍പ്പാദനത്തേക്കാള്‍ ഇരട്ടിയിലധികം ഉപഭോഗം കൂടിയതാണ് വ്യാജനിറങ്ങാന്‍ കാരണം. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ട്രെയിനുകളിലാണ് ആന്ധ്രകരിമീനിന്റെ വരവ്. മനോരമ ന്യൂസ് അന്വേഷണം.
നന്നായി എണ്ണയില്‍ വറുത്തെടുത്ത കുട്ടനാടന്‍ കരിമീന്‍. ആരുടെ നാവിലും കൊതിയൂറുന്ന രുചി. അതറിയണമെങ്കില്‍ നേരം ഇരുട്ടിയാല്‍ ആലപ്പുഴ റയില്‍വെസ്റ്റേഷനിലേക്ക് പോകണം. ചെന്നെ മെയിൽ, ധൻബാദ്, ഏറനാട്, അങ്ങനെ ചില ട്രെയിനുകള്‍ എത്തുന്ന നേരം.
തെര്‍മോകോള്‍ പെട്ടികളിലായി ഭദ്രമായി എത്തിയ വലയിപൊതികള്‍ പുറത്തേക്കിടുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ മീനിന്റെ മണം പരന്നു. ഇരുട്ടുപരന്ന ഇടങ്ങളില്‍ നിര്‍ത്തിയിട്ട ചെറിയ വണ്ടികളിലാക്കി ഇവ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയാണ്. ആന്ധ്ര കരിമീന്‍, ഈ രാത്രി പുലര്‍ന്നാല്‍ ഇവ കുട്ടനാടന്‍ കരിമീനാണ്.
കുട്ടനാടന്‍ കരിമീന്‍ തേടി ആലപ്പുഴയിലെ ഒരു കടയില്‍ ചെന്നു. അകത്തെ മുറിയില്‍ വെട്ടിവൃത്തിയാക്കിയ മീന്‍ കണ്ടു. നാടനാണോ എന്നു രഹസ്യമായി ചോദിച്ചപ്പോള്‍ അല്ലെന്ന് മറുപടി കിട്ടി. കോട്ടയത്തും ആലപ്പുഴയിലും മിക്ക സ്ഥാപനങ്ങളിലും കരിമീൻ എന്നു പറഞ്ഞു കഴിക്കുന്നത് ആന്ധ്ര കരിമീൻ തന്നെയാണെന്നും വില്‍പ്പനക്കാര്‍ പറയുന്നു. ആന്ധ്രയ്ക്ക് പുറമെ കർണാടകയില്‍നിന്നും പോർബന്തറില്‍ നിന്നും മറുനാടൻ കരിമീൻ ആലപ്പുഴയിലേക്ക് എത്തുന്നുണ്ട്. നാടനേക്കാള്‍ ശരാശരി 100 രൂപ മറുനാടന് കുറവാണ്.
ഹോട്ടലുകളിലും വഞ്ചിവീടുകളിലും നാടൻ കരിമീൻ മാത്രം നൽകുന്നവരും നാടനും മറുനാടനും ഇടകലർത്തി നൽകുന്നവരുമുണ്ട്. സംഗതി ആൾമാറാട്ടമായതിനാൽ കാര്യങ്ങള്‍ രഹസ്യമാണെന്ന് മാത്രം.