ഇതര സംസ്ഥാന മുട്ടകൾ വിപണിയിൽ വ്യാപകമായതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിൽ. ആഭ്യന്തര വിപണിവിലയിൽനിന്ന് ഏഴു രൂപവരെ താഴ്ത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ള മുട്ടകൾ കേരളത്തിൽ എത്തിക്കുന്നത്. സർക്കാർ ഡെക്ക് ഫാമിൽനിന്ന് താറാവ് കുഞ്ഞുങ്ങളെ ലഭിക്കുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.
ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി താറാവ് കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുവാനായി എത്തിച്ച മുട്ടകളാണ് വിപണി കൈയടക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള നാടൻ താറാവ് മുട്ടയ്ക്ക് ഒൻപതു മുതൽ 12 രൂപ വരെയാണ് വിപണി വില. എന്നാൽ അഞ്ചു രൂപയ്ക്കാണ് ഇതര സംസ്ഥാനങ്ങളിനിന്നുള്ള മുട്ടകളെത്തുന്നത്. ഇതോടെ നാടൻ മുട്ടകൾ വാങ്ങി വിൽക്കാൻ ചില്ലറ വ്യാപാരികളടക്കം തയാറാകാത്ത സ്ഥിതിയാണ്. സ്വകാര്യ ഹാച്ചറികളിൽ വിരിയിച്ചിറക്കുന്നതിനായി എത്തിച്ച മുട്ടകളാണ് വിപണിയിലെത്തിയിരിക്കുന്നതെന്ന് കുട്ടനാട്ടിലെ കർഷകർ ആരോപിക്കുന്നു.
ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി തയാറെടുക്കുന്ന കർഷകർക്ക് ആവശ്യത്തിന് താറാവ് കുഞ്ഞുങ്ങളെ സർക്കാർ ഫാമുകളിൽനിന്നും വിതരണം ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽനിന്ന് കുഞ്ഞുങ്ങളെ മൊത്തമായി വൻകിടക്കാർക്ക് നൽകുന്നുവെന്നാണ് ആരോപണം. ഇതര സംസ്ഥാന മുട്ടകൾ വിപണി കീഴടക്കിയതോടെ ക്രിസ്മസ് വിപണി കണ്ണീരിലാകുമോയെന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ താറാവ് കർഷകർ.