വൈദ്യുതി ബോർഡിലെ സീനിയർ ഡ്രൈവറുടെ ശമ്പളം 60,000 രൂപ, ശുചീകരണ ജീവനക്കാരുടേത് 25,309 രൂപ – ഇത്രയും ധൂർത്ത് വേണോ? ചോദിക്കുന്നത് കോഴിക്കോട് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. വൈദ്യുതി ബോർഡിന്റെ നവീകരണം സംബന്ധിച്ച പഠന റിപ്പോർട്ടിലാണു വൈദ്യുതി ബോർഡിന്റെ ധൂർത്തിനെയും കെടുകാര്യസ്ഥതയെയും ഐഐഎം തുറന്നു കാട്ടുന്നത്.
കരാർ അടിസ്ഥാനത്തിൽ ഡ്രൈവറെയും ശുചീകരണത്തൊഴിലാളിയെയും നിയമിക്കണമെന്നാണ് ഐഐഎം ശുപാർശ. അല്ലെങ്കിൽ ഏതെങ്കിലും ഏജൻസികൾക്കു പുറംകരാർ നൽകണം. ഇതു കെഎസ്ഇബിയുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുമെന്നും റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ബോർഡിലെ ‘അനാവശ്യ’ ജോലികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ശുപാർശയുണ്ട്.
പരിശോധിച്ച ഫയലുകൾതന്നെ വീണ്ടും പരിശോധിക്കുന്നതും ഫയലുകൾ തർജമ ചെയ്യുന്നതും അടക്കമുള്ള ജോലികൾ അവസാനിപ്പിക്കാനാണു നിർദേശം. തെറ്റ് ഒഴിവാക്കാനെന്ന പേരിലാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും വിപരീതഫലമാണ് ഉണ്ടാകുന്നതെന്നാണു കണ്ടെത്തൽ. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ ഫയലുകൾ മാസങ്ങളോളം പിടിച്ചുവയ്ക്കുന്ന സാഹചര്യമുണ്ട്. നടപടികൾ വൈകാൻ ഇതു കാരണമാകുന്നു.
ജീവനക്കാർ സാങ്കേതികവിദ്യ കൂടുതലായി മനസിലാക്കണമെന്നും ശുപാർശയുണ്ട്. പേപ്പർ ഫയലുകൾ ഒഴിവാക്കണം. കംപ്യൂട്ടറിലൂടെ മാത്രമേ ഫയലുകൾ തീർപ്പാക്കാവൂ.
പ്രധാന ശുപാർശകൾ
∙ മീറ്റർ റീഡർ തസ്തികയിൽ നിയമനം വേണ്ട. നിലവിലുള്ള 876 തസ്തികകൾ നികത്താതിരുന്നാൽ 2,40,90,000 രൂപ ലാഭിക്കാനാകും
∙ ആശ്രിത നിയമനം ഒഴിവാക്കണം. ഇതു ജോലിയുടെ ഗുണമേന്മയെ ബാധിക്കുന്നു. ആശ്രിതനിയമനത്തിനു പകരം ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം