വൈദ്യുതി കാറുകൾ ചാർജ് ചെയ്യാനുള്ള ആദ്യ ചാർജിങ് ബൂത്ത് തിരുവനന്തപുരത്തു വൈദ്യുതി വകുപ്പ് ആസ്ഥാനത്തു സ്ഥാപിക്കാൻ അനുമതിയായി. കൊച്ചിയിലും കോഴിക്കോടും വൈകാതെതന്നെ കെഎസ്ഇബി സബ് സ്റ്റേഷനുകളോടനുബന്ധിച്ച് ഇത്തരം ചാർജിങ് ബൂത്തുകൾ പ്രവർത്തനം തുടങ്ങും. ഇതിന്റെ തുടർച്ചയായി സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കും. വൈദ്യുതി ഇന്ധനമാക്കുന്ന വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കെഎസ്ഇബി കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
പരമ്പരാഗത വരുമാന സ്രോതസുകൾക്കു പുറമെ കൂടുതൽ വരുമാന മാർഗങ്ങൾ വികസിപ്പിക്കാൻ മന്ത്രി എം.എം. മണി ബോർഡിനു നിർദേശം നൽകിയിരുന്നു. പകൽ സമയത്തു ബോർഡിനു ധാരാളമായി ലഭിക്കുന്ന സോളർ വൈദ്യുതി ഫലപ്രദമായി ഉപയോഗിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. 50–100 കാറുകൾ ഒരേ സമയം ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളാണു നിർമിക്കുക.
വൈകിട്ട് ആറു മുതൽ പത്തു വരെയുള്ള സമയത്തു മാത്രമാണു കെഎസ്ഇബി ഇപ്പോൾ കാര്യമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. പകൽ സയമത്ത് അധികമായി ലഭിക്കുന്ന സോളർ വൈദ്യുതി രാത്രിയിലേക്കു ശേഖരിച്ചു വയ്ക്കണമെങ്കിൽ കൂടുതൽ മുതൽമുടക്ക് ആവശ്യമാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും ഇപ്പോൾത്തന്നെ വൈദ്യുതി വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്.