ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനോടുവിൽ വർക്കല തേരിക്കൽ കോളനിയിലെ അംഗൻവാടിയിൽ വെളിച്ചമെത്തി. വൈദ്യുതി അനുവദിക്കാത്ത കെ.എസ്.ഇ·.ബിയുടെ നടപടി മൂലം കുട്ടികളുടെ പഠനം മുടങ്ങുന്നൂവെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
അംഗൻവാടിക്കുള്ളിൽ വെളിച്ചമെത്തുന്നത് കാണാൻ കാത്തിരിക്കേണ്ടിവന്നത് പത്ത് വർഷമാണ്. ഒരു പതിറ്റാണ്ടോളം ഒരു കാരണവുമില്ലാതെ വൈദ്യുതി നിഷേധിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തന്നെ വൈദ്യുതിയുമായി തേരിക്കൽ കോളനിയിലെ സാധാരണക്കാരുടെ അംഗൻവാടിയിലെത്തി.
തേരിക്കൽ കോളനിയിലെ അംഗൻവാടി വൈദ്യുതിക്കായി അപേക്ഷ നൽകിയെങ്കിലും അനുവദിക്കാൻ കെ.എസ്.ഇ.ബിയോ വാങ്ങി നൽകാൻ മറ്റ് ഉദ്യോഗസ്ഥരോ തയാറായിരുന്നില്ല. ഇതുമൂലം ഫാനും ലൈറ്റുമൊന്നുമില്ലാത്തതിനാൽ വേനൽക്കാലത്ത് ചൂട് മൂലവും മഴക്കാലത്ത് വെളിച്ചകുറവ് മൂലവും പഠനം മുടങ്ങിയിരുന്നു.
മനോരമ ന്യൂസ് വാർത്ത ശ്രദ്ധയിൽപെട്ടതോടെ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിടപെട്ട് ഉടനടി വൈദ്യുതി അനുവദിക്കുകയായിരുന്നു.