സരിത നേരിട്ടു സാക്ഷ്യപ്പെടുത്തിയതിനാൽ കമ്മിഷനിൽ സമർപ്പിക്കപ്പെട്ട 25 പേജുള്ള കത്ത് സരിതയുടെ യഥാർഥ കത്തായി കമ്മിഷൻ കണക്കിലെടുത്തുവെങ്കിലും സരിതയുടേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട കത്തുകളും കുറിപ്പുകളും പലത്. പൊലീസ് കസ്റ്റഡിയിൽ വച്ച് താനെഴുതിയ കത്ത് എത്ര പേജുണ്ടായിരുന്നുവെന്നു സരിതയ്ക്കു പോലും നിശ്ചയമില്ലാത്ത സ്ഥിതിയിലേക്കാണു കത്ത് വിവാദം എത്തിയത്. സരിതയുടെ കത്ത് കണ്ടവരും കാണാത്തവരും എന്ന വേർതിരിവിലാണു സാക്ഷികൾ കമ്മിഷനു മുൻപിലെത്തിയത്.
കത്തിന് എത്ര പേജുണ്ടെന്നു സോളർ കമ്മിഷന്റെ അകത്തും പുറത്തും വാദങ്ങൾ ഉയർന്നപ്പോഴാണ് തന്റെ കത്തിനു 30 പേജുണ്ടെന്നു സരിത മൊഴി നൽകിയത്. എന്നാൽ ഒടുവിൽ തന്റേതെന്നു സരിത കമ്മിഷനിൽ സാക്ഷ്യപ്പെടുത്തിയ കത്തിന് 25 പേജ്. ഇതിനു മുൻപായി നാലു പേജുള്ള മറ്റൊരു കുറിപ്പും സരിതയുടേത് എന്ന പേരിൽ കമ്മിഷനിലെത്തിയിരുന്നു. ജയിലിൽ കഴിയവേ ചില സ്വാധീനങ്ങൾക്കു വഴങ്ങി ചുരുക്കിയെഴുതിയ കുറിപ്പാണിതെന്നു പിന്നീട് മൊഴി ലഭിച്ചു.
കത്തെഴുതിയ സരിതയും കത്തു കണ്ടെന്ന് അവകാശപ്പെട്ടവരും വെളിപ്പെടുത്തിയ ഉള്ളടക്കം വെവ്വേറെ. സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കത്തിന്റെ ഉള്ളടക്കം സംബന്ധിച്ചു നൽകിയ മൊഴിയും വ്യത്യസ്തം. കത്തിൽ 13 വിഐപികളുടെയും ഒരുന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടായിരുന്നുവെന്നായിരുന്നു കത്തിലെ ഉള്ളടക്കം ഫോണിലൂടെ കേട്ട മുൻ ജയിൽ മേധാവി ഡോ. അലക്സാണ്ടർ ജേക്കബിന്റെ മൊഴി. മുഖ്യമന്ത്രിയുടെ പേരില്ലെന്ന് അദ്ദേഹം കമ്മിഷനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഈ കത്തിന്റെ കാര്യം ജയിൽ മേധാവിയെ അറിയിച്ചിട്ടേയില്ലെന്നായിരുന്നു ജയിൽ ജീവനക്കാരുടെ മൊഴി. അങ്ങനെയെങ്കിൽ അലക്സാണ്ടർ ജേക്കബ് വായിച്ചുകേട്ട കത്ത് ഏത്?
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും മന്ത്രിമാർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു വാർത്താ ചാനൽ പുറത്തു വിട്ട സരിതയുടെ കത്ത് വ്യാജമാണെന്നും ഇതിനു പിന്നിൽ ഒരു എംഎൽഎയും സഹായികളുമാണെന്നും ഫെനി ബാലകൃഷ്ണൻ കമ്മിഷനു മൊഴി നൽകി. സരിത ജയിലിൽ വച്ചെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഒരാരോപണവും ഉണ്ടായിരുന്നില്ലെന്നും ഈ കത്തിലെ വിവരങ്ങൾക്കു വിരുദ്ധമായി കൂട്ടിച്ചേർക്കലുകൾ നടത്തിയ കത്താണു ചാനലിലൂടെ പുറത്തുവിട്ടതെന്നും മൊഴി നൽകി പുറത്തിറങ്ങിയശേഷം ഫെനി പ്രതികരിച്ചിരുന്നു. അപ്പോൾ സരിതയുടെ അഭിഭാഷകനായ ഫെനി വായിച്ച കത്ത് ഏത്?
പിണറായി വിജയൻ 2015 ജൂൺ 30നു കമ്മിഷനിൽ കൊടുത്ത മൊഴിയിൽ ഇങ്ങനെ പറയുന്നു– സരിതയുടെ 21 പേജുള്ള മൊഴി അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. 21 പേജുള്ള കത്തിനു പകരം നാലു പേജുള്ള കത്ത് കോടതിയിൽ കൊടുത്തപ്പോൾ രഹസ്യ സ്വഭാവമുള്ളതൊന്നും അതിലുണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ പിണറായി പറഞ്ഞ 21 പേജുള്ള കത്ത് ഏത്?
താനെഴുതിയ കത്ത് ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്കുമാർ വഴി മുൻമന്ത്രി ആർ. ബാലകൃഷ്ണ പിള്ളയെ ഏൽപിക്കാനാണു ഫെനിയോടു പറഞ്ഞതെന്നും കത്ത് ബാലകൃഷ്ണ പിള്ളയ്ക്കു കിട്ടിയതായി അറിഞ്ഞുവെന്നും സരിതയുടെ മൊഴിയിലുണ്ട്. എന്നാൽ കത്ത് വായിച്ച ബാലകൃഷ്ണ പിള്ള കത്തിലെ ഉള്ളടക്കമായി വെളിപ്പെടുത്തിയ കോഴത്തുകയല്ല, കത്ത് വായിച്ച പി.സി. ജോർജ് വെളിപ്പെടുത്തിയത്. ഈ തുകയല്ല, തന്റേതെന്നു സോളർ കമ്മിഷനിൽ സരിത സമ്മതിച്ച കത്തിലുള്ളത്. അപ്പോൾ പിന്നെ പിള്ളയും പി.സി. ജോർജും വായിച്ച കത്ത് ഏത്?
കത്തിന്റെ പേരിൽ ഒരു കൂട്ടം നേതാക്കൾക്കെതിരെ സർക്കാർ നടപടിയെടുത്തെങ്കിലും കത്തിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ അവസാനിക്കുന്നില്ല.