സോളർ കേസ് ഒറ്റക്കെട്ടായി നേരിടുമെന്ന പ്രഖ്യാപനവുമായി യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം കോട്ടയത്ത് നടന്നു. ഭരണപരാജയം മറയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസിനെ നിയമപരമായിതന്നെ നേരിടുമെന്ന് ഉമ്മൻ ചാണ്ടി ആവര്‍ത്തിച്ചു.
സോളർ കേസിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് യു.ഡി എഫിന്റെ വിശദീകരണ യോഗം സംഘടിപ്പിച്ചത്. ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും വേണ്ടി ഒറ്റക്കെട്ടായി പോരാടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണപരാജയം മറയ്ക്കാനാണ് സോളർ കേസിലെ നടപടി.
മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച ആർക്കെതിരെയും സോളർ കമ്മീഷന് മുന്നിൽ തെളിവുകൾ കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണ് നിഗമനത്തിലെത്തിയതെന്നറിയാനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.