പാമ്പാടി ∙ ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രോഗികളുടെ മുന്നിൽ നഴ്സിനോട് അപമര്യാദയായി സംസാരിച്ചെന്നു പരാതി.‘പട്ടിയെപ്പോലെ പുറകെ നടന്നോ’ എന്നു രോഗികളുടെ പേരു വിളിക്കുന്ന മൈക്കിലൂടെ ഡോക്ടർ വിളിച്ചുപറഞ്ഞതായി നഴ്സുമാർ പരാതി നൽകി.കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെയാണ് പരാതി.
ഹെഡ് നഴ്സനെതിരെ മോശമായ പരാമർശം നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.മനോജിനെ നഴ്സുമാർ ഘരോവോ ചെയ്തു.വകുപ്പു തല നടപടിക്കു ശുപാർശ ചെയ്യുമെന്നു സൂപ്രണ്ട് അറിയച്ചിതിനെ തുടർന്നാണ് നഴ്സുമാർ സമരം നിർത്തിയത്. ഡപ്യൂട്ടി ഡിഎംഒയെ ഉടൻ തന്നെ വിവരം അറിയിച്ചതായും സൂപ്രണ്ട് ഡോ. കെ.എ.മനോജ് പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്താതെയായിരുന്നു നഴ്സുമാരുടെ ഉപരോധ സമരം.
ഡോക്ടർ രോഗികളോട് അപമര്യാദയായി പെരുമാറുന്നുവെന്നു ചൂണ്ടിക്കാട്ടി പലതവണ ആശുപത്രി അധികൃതർക്കു പരാതി ലഭിച്ചിരുന്നതായി നഴ്സുമാർ പറയുന്നു. താക്കീത് നൽകുകയും ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു.രണ്ടു മാസം മുൻപ് ആശുപത്രിക്കു സമീപത്തുവച്ച് ഇതേ ഡോക്ടറെ ഒരു സംഘം ആളുകൾ മർദിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെ ശ്വാസംമുട്ടലുമായി എത്തിയ രോഗിയോടു പിച്ചക്കാരനെപ്പോലെ കയറി വന്നിരിക്കുവാണോ എന്നു ഡോക്ടർ പറഞ്ഞതായും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ പറഞ്ഞു.മോശമായി പെരുമാറിയതിനെക്കുറിച്ചു പരാതി എഴുതാൻ പേപ്പർ തരാമോ എന്നു രോഗി നഴ്സുമാരോടു ചോദിച്ചു. പരാതി എഴുതാൻ പേപ്പർ കൊടുത്തതോടെയാണ് മോശമായി പെരുമാറിയതെന്നും നഴ്സുമാർ പറയുന്നു.