മുരുകന് ചികിൽസ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടർമാരെ അറസ്റ്റു ചെയ്യുന്നതിന് പൊലീസ് നിയമോപദേശം തേടും. ഡോക്ടർമാരെ അറസ്റ്റു ചെയ്യാൻ കോടതിവിധികൾ എന്തെങ്കിലും തടസമുണ്ടോ എന്നാണ് ആരായുന്നത്. അതിനിടെ കേസിന്റെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് ചാത്തന്നൂർ എ.സി.പിയെ മാറ്റി.
സ്വകാര്യാശുപത്രികളും സർക്കാർ മെഡിക്കൽ കോളജും കയറിയിറങ്ങിയിട്ടും മുരുകന് ജീവൻ നഷ്ടമായത് ഡോക്ടർമാരുടെ വീഴ്ച പ്രധാനമാണെന്നാണ് പൊലീസ് കണ്ടെത്തൽ .മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പടെ കേസിൽ കുടുങ്ങും. സ്വകാര്യാശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ അന്വേഷണ സംഘം ഉടൻ തീരുമാനം എടുക്കും. ചികിൽസ ലഭിച്ചില്ലെങ്കിൽ മുരുകൻ മരിക്കുമെന്ന് ഡോക്ടർമാർക്കറിയാമായിരുന്നുവെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടർമാരെ അറസ്റ്റു ചെയ്യാൻ ഏതെങ്കിലും കോടതിവിധികൾ തടസമുണ്ടോ എന്നാണ് നിയമോപദേശം തേടുന്നത്.
അതിനിടെ കേസിന്റെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് ചാത്തന്നൂർ എ.സി.പി ജവഹർ ജനാർഥനനേ മാറ്റി. ചാത്തന്നൂർ എ.സി.പിയുടെ മകൻ ആരോപണം നേരിടുന്ന ആശുപത്രികളിലൊന്നായ അസീസ്യയിൽ പഠിക്കുന്നതിനെ തുടർന്നാണ് നടപടി .ക്രൈംബ്രാഞ്ച് എ.സി.പി ബി അശോകനാണ് പുതിയ ചുമതല. ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ആംബുലൻസുകാരുടെയും മൊഴികൾ അന്വേഷണ സംഘം വീഡിയോ റിക്കോർഡിങ് നടത്തുന്നുണ്ട്.