കേരളത്തിലെ അബ്രാഹ്മണ ശാന്തിനിയമനം തമിഴ്നാട്ടിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നതെന്ന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ. ഇത് തമിഴ്നാട്ടിൽ എന്തുകൊണ്ടു സാധിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദലിതർക്ക് മുന്നേറ്റമുണ്ടാക്കാനാവൂ എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിന്റെ തീരുമാനത്തെ തമിഴ്നാട് ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് പെരുമാൾ മുരുകൻ പറഞ്ഞു. എല്ലാവർക്കും പൂജാരികളാകാൻ കഴിയുന്ന സാഹചര്യത്തിനായി പെരിയാറും ദ്രാവിഡ കക്ഷികളും തമിഴ്നാട്ടിൽ നിരന്തരം പോരാട്ടം നടത്തിയിരുന്നു. സംസ്ഥാനസർക്കാർ നിയമവും കൊണ്ടുവന്നു. എന്നിട്ടും അബ്രാഹ്മണർക്ക് ക്ഷേത്രപൂജാരികളാകാൻ കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസരംഗത്ത് വലിയമാറ്റങ്ങളാണ് തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിലൂടെമാത്രമേ, പിന്നാക്കക്കാർക്ക് മുഖ്യധാരയിലേക്ക് എത്താൻ സാധിക്കൂ.
കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ഗവേഷണ വിദ്യാർഥി യൂണിയനാണ് പെരുമാൾ മുരുകന്റെ പ്രഭാഷണം സംഘടിപ്പിച്ചത്.