കേരളത്തിലെ യുവത്വം ഏറ്റെടുത്ത് നടപ്പിലാക്കുന്ന സന്നദ്ധപ്രവർത്തന പരിപാടികൾക്ക് യുഎൻഡിപിയുടെ അംഗീകാരം. കംപാഷനേറ്റ് കോഴിക്കോട്, അൻപൊട് കൊച്ചി അടക്കം നാല് പദ്ധതികളെ കുറിച്ചുള്ള പഠനങ്ങളാണ് യുഎൻഡിപിയുടെ 2017 സ്റ്റേറ്റ് ഒാഫ് യൂത്ത് വളന്റീറിങ് ഇൻ ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിൽ ഇടം നേടിയത്.
ഇന്ത്യയിലെ യുവജനങ്ങൾ പങ്കാളിത്തവും നേതൃത്വവും വഹിക്കുന്ന വിവിധ പദ്ധതികളെ കുറിച്ചാണ് യുഎൻഡിപിയുടെ 2017 state of youth and volunteerism in India എന്ന പഠന പ്രസിദ്ധീകരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ യുഎൻഡിപി സംഘം നേരിട്ടെത്തിയായിരുന്നു ഗവേഷണം. ഇരുന്നൂറിലധികം സന്നദ്ധപ്രവർത്തകർ ദിവസം തോറും പല തരം സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കംപാഷണേറ്റ് കോഴിക്കോട് പദ്ധതി യുവത്വത്തിന്റെ കാഴ്ചപ്പാടിലടക്കം മാറ്റം കൊണ്ടുവന്നെന്നാണ് യുഎൻഡിപി സംഘത്തിന്റെ നിരീക്ഷണം.
കംപാഷനേറ്റ് കോഴിക്കോട് മാതൃകയിലുള്ള പ്രവർത്തനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന അഭിപ്രായവും ഇതിന്റെ അമരക്കാർ പങ്കുവയ്ക്കുന്നു.
ചെന്നൈ പ്രളയക്കെടുതിക്ക് കൈത്താങ്ങായി കൊച്ചിയിൽ പിറവിയെടുത്ത അൻപൊട് കൊച്ചി പദ്ധതിയും പിന്നീട് സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായി മാറുകയായിരുന്നു. അൻപൊട് കൊച്ചിയുടെ വിവിധങ്ങളായ സന്നദ്ധപ്രവർത്തനങ്ങളാണ് യുഎൻഡിപിയുടെ പ്രസിദ്ധീകരണത്തിൽ പരാമർശിക്കുന്നത്. തൃശൂരിലെ വയലിൽ ഫോക്ക് ലോർ ഗ്രൂപ്പും, കുടുംബശ്രീയും കേരളത്തിൽ നിന്നും യുഎൻഡിപി പ്രസിദ്ധീകരണത്തിൽ ഇടംപിടിച്ചിട്ടുണ്ട്.