കോഴിക്കോട് ചാത്തമംഗലത്ത് കൃഷിയിടത്തിലെ നൂറിലധികം കമുകിൻ തൈകൾ വെട്ടി നശിപ്പിച്ചതായി പരാതി. പൂളക്കോട് സ്വദേശി ഗോപാലകൃഷ്ണൻ നായർക്കാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരിക്കുന്നത്. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. മൂന്നര വർഷവും രണ്ട് വർഷവും പ്രായമുള്ള 115 തൈകളാണ് വെട്ടി നശിപ്പിച്ചത്. വെട്ടിമാറ്റിയ തൈകളുടെ അവശിഷ്ടം കൃഷിയിടത്തിൽ തന്നെ ഉപേക്ഷിച്ചിരുന്നു. സ്വന്തമായുള്ള മുപ്പത്തി അഞ്ചിലെ സെന്റിലെ കൃഷിയാണ് ഗോപാലകൃഷ്ണൻ നായരുടെ ഉപജീവനമാർഗം. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
സമീപത്തെ കൃഷിയിടത്തിലെ കമുകിൻ തൈകളും കുറച്ച് ദിവസം മുൻപ് വെട്ടി നശിപ്പിച്ചിരുന്നു. എണ്ണം കുറവായതിനാൽ ആരും പരാതിപ്പെട്ടിരുന്നില്ല. ഇത് ചിലർക്ക് സഹായമായെന്നാണ് കർഷകർ പറയുന്നത്. 2012 ലും ഗോപാലകൃഷ്ണൻ നായരുടെ കൃഷിയിടത്തിലെ കവുങ്ങും തെങ്ങും വാഴയും വെട്ടിനശിപ്പിച്ചിരുന്നു. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയിരുന്നില്ലെന്നാണ് ആക്ഷേപം.