ഇരുചക്രവാഹനത്തിൽ കറങ്ങി വഴിയാത്രികരുടെ മൊബൈൽ ഫോൺ കവരുന്ന യുവാക്കൾ പിടിയിൽ. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞദിവസം ഇതരസംസ്ഥാനത്തൊഴിലാളിയുടെ ഫോണ്‍ കവരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. കുന്ദമംഗലം, ഇയാട് സ്വദേശികളാണ് കസബ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഗൾഫ് ബസാറിന് സമീപം കഴിഞ്ഞരാത്രിയിലാണ് ഇതരസംസ്ഥാനത്തൊഴിലാളിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് യുവാക്കൾ രാജസ്ഥാൻ സ്വദേശി വിക്രമിനെ അടിച്ചുവീഴ്ത്തി. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോണുമായി സംഘം കടന്നു.
വീഴ്ചയ്ക്കിടയിലും വാഹനത്തിന്റെ നമ്പർ മനസിലാക്കാൻ വിക്രമിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കച്ചവട സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞു.
നമ്പർ പിന്തുടർന്നുള്ള അന്വേ·ഷണത്തിൽ മോഷ്ടിച്ച വാഹനമെന്ന് കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ യുവാക്കളിലൊരാൾ ബൈക്കുമായി പൊലീസിന്റെ പിടിയിലായി. പിന്നാലെ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് രണ്ട് കവർച്ചയിൽക്കൂടി ഇവർ പങ്കാളികളായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസബ സിഐ അറിയിച്ചു.