ഹർത്താൽ ദിനത്തിൽ ഭക്ഷണം കിട്ടാതെ വലഞ്ഞവർക്ക് ജില്ലാ ജയിലിലെ ചപ്പാത്തി ആശ്വാസമായി. ഒറ്റ ദിവസം കൊണ്ട് 75,000 രൂപയുടെ വിൽപനയാണ് ജില്ലാ ജയിലിൽ നടന്നതെന്ന് സൂപ്രണ്ട് ജി. ചന്ദ്രബാബു പറഞ്ഞു. 25,000 ചപ്പാത്തിയും 1,200 കറി പായ്ക്കറ്റുമാണു വിറ്റുപോയത്. 60 രൂപയ്ക്ക് നെയ്ച്ചോറും ചിക്കൻ കറിയും വാങ്ങാൻ ആളുകൾ നേരത്തേ എത്തിയതുകൊണ്ട് ഉച്ചയ്ക്ക് മുൻപേ ഇതു വിറ്റു തീർന്നു.
രാവിലെ ഏഴു മുതൽ തന്നെ ചപ്പാത്തിയും ചിക്കൻകറിയും മുട്ടക്കറിയും വെജിറ്റബിൾ കറിയും ജയിലിനു മുന്നിലെ കൗണ്ടറിൽ വിൽപനയ്ക്കായി തയാറായി.എന്നാൽ ഇതൊക്കെ മിനിറ്റുകൾക്കം കാലിയായി. രാവിലെ തന്നെ ചപ്പാത്തിയുണ്ടാക്കാനുള്ള പണിപ്പുരയിലായിരുന്നു തടവുകാർ. ഹർത്താലിനെ തുടർന്നു പ്രദേശത്തു കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചില്ല.
അതിനാൽ ഇൻഫോപാർക്ക്, വ്യവസായിക മേഖലയിലേതടക്കം ഒട്ടേറെ ജീവനക്കാർ ഭക്ഷണത്തിനായി ജില്ലാ ജയിലിനെയാണ് ആശ്രയിച്ചത്. കൂടാതെ ചിപ്‌സ്, ലഡു, ബൺ, പ്ലംകേക്ക്, കപ്പ്‌കേക്ക് തുടങ്ങിയവയും 10 രൂപയ്ക്കു സർക്കാർ ശുദ്ധജലവും വിറ്റുപോയ വകയിൽ നല്ലൊരു തുക വേറെയും ലഭിച്ചു. ഫുഡ് കോർട്ട് മോഡൽ
ചപ്പാത്തിയും കറിയും പായ്ക്കറ്റിലാക്കി ജയിൽ കൗണ്ടറിൽ വിൽപന നടത്തുന്നതിനു പുറമെ ഭക്ഷണം അവിടെത്തന്നെ കഴിക്കാനുള്ള സൗകര്യം കൂടി വന്നതോടെയാണു വിൽപന കൂടിയത്. വലിയ കുട മേൽക്കൂരയുള്ള ഫുഡ് കോർട്ടാണ് ജയിൽ കവാടത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നത്.
മെട്രോ ഫ്രീഡം എന്ന ബ്രാൻഡിൽ ജയിലിൽ ഉണ്ടാക്കുന്ന ചപ്പാത്തിക്ക് രണ്ടു രൂപയാണ് വില. ചിക്കൻ കറിക്ക് 25 രൂപയും മുട്ടക്കറിക്കും വെജിറ്റബിൾ കറിക്കും 15 രൂപയുമാണ് വില. തടവുകാരെ ഏഴുപേരെ വീതം പൂർണ സുരക്ഷയിൽ രണ്ടു ഷിഫ്റ്റുകളിലായാണ് ചപ്പാത്തി നിർമാണത്തിനായി ഉപയോഗിക്കുന്നത്. ചപ്പാത്തി പൂർണമായും മെഷീൻ വഴിയാണു ചുട്ടെടുക്കുന്നത്.