വനിതാ ജയിലിലെ തടവുകാർ നിർമിച്ച വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും ജയിൽ ഡിജിപി ആർ.ശ്രീലേഖ ഉദ്ഘാടനം ചെയ്തു. തയ്യലിലും ഫാഷൻ ഡിസൈനിങ്ങിലും പരിശീലനം ലഭിച്ച തടവുകാരാണു കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ ഒരുക്കുന്നത്. കണ്ണൂർ വനിതാ ജയിലിലെ 12 തടവുകാർക്ക് ഫാഷൻ ഡിസൈനിങ്, എംബ്രോയ്ഡറി, തയ്യൽ, ടെക്സ്റ്റൈൽ പ്രിന്റിങ് എന്നിവയിൽ പരിശീലനം നൽകിയിരുന്നു.
ജയിലിലെ തയ്യൽ യൂണിറ്റിൽ ഇവർ തയാറാക്കിയ വസ്ത്രങ്ങളാണ് വിപണിയിലെത്തുന്നത്. സെൻട്രൽ ജയിലിലെ തടവുകാർ നിർമിച്ച വസ്ത്രങ്ങൾ ഫ്രീഡം എക്സ്പീരിയൻസ് എന്ന പേരിട്ട വിൽപനകേന്ദ്രം വഴി വിപണിയിലെത്തുന്നുണ്ട്. ഇതേ കേന്ദ്രം വഴി വനിതാ ജയിലിൽ നിന്നുള്ള വസ്ത്രങ്ങളും വിപണിയിലെത്തിക്കാനാണ് ജയിൽ അധികൃതർ ലക്ഷ്യമിടുന്നത്.
പരിശീലനം പൂർത്തിയാക്കിയ തടവുകാർക്കുള്ള സർട്ടിഫിക്കറ്റും ഡിജിപി വിതരണം ചെയ്തു. ഉത്തരമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ്.നിർമലാനന്ദൻ, റീജനൽ വെൽഫെയർ ഓഫിസർ കെ.വി.മുകേഷ്, കേരള ജയിൽ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ.ജനാർദനൻ, കേരള ജയിൽ സബോർഡിനേറ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ടി.സന്തോഷ്, വനിതാ ജയിൽ സൂപ്രണ്ട് പി.ശകുന്തള, വെൽഫെയർ ഓഫിസർ മൻസി പി.പരീത് എന്നിവർ പ്രസംഗിച്ചു.