വിദേശികൾക്ക് ഇഷ്ടഭക്ഷണം ആസ്വദിക്കാനും സൊറ പറഞ്ഞിരിക്കാനും എലൈറ്റ് ഹോട്ടൽ ഇനി ഇല്ല. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഹോട്ടലിന്റെ പ്രവർത്തനം ഇന്നലെ അവസാനിപ്പിച്ചു. വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഫോർട്ട്കൊച്ചിയിലേക്ക് ആരംഭിക്കുന്നതിനു മുൻപ് 1963ൽ പി.എം. തൊമ്മന്റെ ഉടമസ്ഥതയിൽ ആരംഭിച്ചതാണ് എലൈറ്റ് ഹോട്ടൽ.
ബേക്കറിയായാണു തുടക്കം. ആറു മാസത്തിനു ശേഷം റസ്റ്ററന്റ് തുടങ്ങി. എലൈറ്റ് ഹോട്ടലിലെ ബ്രഡിന് അന്നും ഇന്നും പെരുമയേറെ. 1971ലാണു വിദേശികൾ കൂട്ടത്തോടെ ഫോർട്ട്കൊച്ചിയിലേക്ക് എത്താൻ തുടങ്ങിയതെന്നു വർഷങ്ങളായി ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്ത പി.ടി. ജെയിംസ് പറയുന്നു.
അന്ന് എക്സ്എൽ ഹോട്ടൽ, വെങ്കിടേശ് ഹോട്ടൽ എന്നിവ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വിദേശികൾക്കു താമസിക്കാൻ ഹോട്ടലിൽ മുറികൾ കൊടുത്തു തുടങ്ങിയത് 1972 മുതൽ. 30 രൂപയായിരുന്നു വാടക. അതിനു മുൻപു പരിസരത്തുണ്ടായിരന്ന കുറെ കമ്പനികളുടെ ജോലിക്കാർക്കു പ്രതിമാസ വാടകയ്ക്കു താമസ സൗകര്യം ഒരുക്കുമായിരുന്നു.
പിന്നീടു മുറികൾ വിദേശികൾക്കു മാത്രമായി നൽകാൻ ആരംഭിച്ചതോടെ എലൈറ്റ് ഹോട്ടലിലെ താമസവും ഭക്ഷണവും വിദേശികൾക്കു ഹരമായി. ഡെൻമാർക്കിൽ നിന്ന് ഇവിടെ ടേബിൾ ടെന്നിസ് കളിക്കാൻ എത്തിയ രണ്ടു വിദ്യാർഥികളായിരുന്നു താമസത്തിനു വന്ന ആദ്യ വിദേശികളെന്നു ജെയിംസ് ഓർക്കുന്നു.
രാവിലെ ആറരയ്ക്കു വിദേശികൾ പുറത്തിറങ്ങുന്നതിനു മുൻപു ഹോട്ടലിന്റെ പ്രവർത്തനം ആരംഭിക്കുകയായിരുന്നു പതിവ്. വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ പുതിയ ഹോട്ടലുകളും റസ്റ്ററന്റുകളും വന്നു. എങ്കിലും മറ്റു ഹോട്ടലുകളിൽ തങ്ങുന്ന വിദേശികളും ഭക്ഷണം കഴിക്കാൻ എത്തുന്നത് എലൈറ്റിലായിരുന്നു.
ആതിഥ്യ മര്യാദയുടെ പുതിയ അനുഭവമായിരുന്നു ഹോട്ടൽ നടത്തിപ്പുകാർ അവർക്കു നൽകിയത്. ഹോട്ടലിനോടു ചേർന്നാണ് ഉടമയുടെ വീട്. ഹോംസ്റ്റേ എന്ന സങ്കൽപം യാഥാർഥ്യമാകുന്നതിനു മുൻപു വീടിനോടു ചേർന്നുള്ള അഞ്ചു മുറികൾ അതിഥികൾക്കു നൽകി ഇവർ ഹോംസ്റ്റേ സമ്പ്രദായത്തിനു തുടക്കമിട്ടു.
അനധികൃത തട്ടുകടകളുടെയും മറ്റും ആധിക്യം മൂലം ഹോട്ടലിന്റെ പ്രവർത്തനം ലാഭകരമല്ലാത്ത അവസ്ഥയിലേക്കു നീങ്ങിയതു മൂലമാണ് ഹോട്ടൽ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നു ജെയിംസ് പറഞ്ഞു. ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടം കരകൗശല വിൽപന ശാലയ്ക്കു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. എങ്കിലും വീടിനോടു ചേർന്ന് എലൈറ്റ് ബേക്കറി വീണ്ടും ആരംഭിക്കുമെന്ന് അദ്ദേഹം പറയുന്നു.