കേരളത്തിലെ ബാഡ്മിന്റന്‍ പ്രേമികള്‍ക്ക് അവിസ്മരണീയമായ ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിച്ചാണ് മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ കൊടിയിറങ്ങിയത്. ലോകചാംപ്യന്‍ഷിപ്പുകളില്‍ പ്രതിഭ തെളിയിച്ച സൂപ്പര്‍ താരങ്ങളുടെ പോരാട്ടം നേരില്‍ കാണാന്‍ ലഭിച്ച സുവര്‍ണാവസരം കൊച്ചിയിലെ കാണികള്‍ ആഘോഷമാക്കി.
മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് കാണാന്‍ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ബാഡ്മിന്റന്‍ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല. ബാഡ്മിന്റണിലെ മിന്നും താരങ്ങളുടെ പ്രതിഭയും ആവേശവും ഇഴചേര്‍ന്നതായിരുന്നു ഓരോ മല്‍സരങ്ങളും. നാല്‍പത് രാജ്യങ്ങളില്‍ നിന്നായി ഒളിംപ്യന്മാര്‍ ഉള്‍പ്പെടെ എഴുന്നൂറോളം കായികതാരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടിയത്. പന്ത്രണ്ട് കോര്‍ട്ടുകളിലായി നടന്നത് ആയിരത്തിലേറെ മല്‍സരങ്ങള്‍. കാണികളുടെ ആവേശം ഉച്ഛസ്ഥായിയിലെത്തിക്കുന്നതായിരുന്നു ചാംപ്യന്‍ഷിപ്പിലെ ഫൈനല്‍ പോരാട്ടങ്ങള്‍.
മുപ്പത്തിയഞ്ചിനുമേല്‍ പ്രായമുള്ളരുടെ ഡബിള്‍സില്‍ രൂപേഷ് കുമാര്‍ സനേവ് തോമസ് സഖ്യം വി.ദിജു വിദ്യാധര്‍ സഖ്യത്തെ നേരിട്ടപ്പോള്‍ ഓരോ പോയിന്റിലും ഗാലറികള്‍ ആര്‍ത്തുവിളിച്ചു. രസംകൊല്ലിയായി പരുക്കെത്തിയെങ്കിലും, മുപ്പത്തിയേഴുമിനിറ്റു നീണ്ട പോരാട്ടം കാഴ്ചക്കാര്‍ക്ക് നല്ല വിരുന്നായി. എഴുപത് വയസിനുമേല്‍ പ്രായമുള്ളവര്‍ പോലും കോര്‍ട്ടില്‍ പുറത്തെടുക്കുന്ന പോരാട്ടവീര്യം പുതുതലമുറയ്ക്ക് എന്നും മാതൃകയാകും. ഇന്ത്യയിലേക്ക് ആദ്യമായെത്തിയ ലോക സിനീയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് ആതിഥ്യം വഹിച്ച് ലോക ബാഡ്മിന്റന്‍ ഭൂപടത്തില്‍ കൊച്ചിയും ഇടംപിടിച്ചു. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തിനുകൂടി വലിയ സംഭാവന നല്‍കിക്കൊണ്ടാണ് മനോരമ ലോക സീനിയര്‍ ചാംപ്യന്‍ഷിപ്പിന് തിരശീല വീണത്.