ഭവനനിർമാണ ചെലവുകൾ റോക്കറ്റുപോലെ കുതിക്കുന്ന ഈ കാലത്തു 10 ലക്ഷം രൂപയ്ക്ക് അത്യാവശ്യസൗകര്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു വീട് പണിയുക എന്നുപറഞ്ഞാൽ അദ്ഭുതം തന്നെയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ അഞ്ചു സെന്റ് പ്ലോട്ടിൽ 756 ചതുരശ്രയടിയിലാണ് ഈ ബജറ്റ് വീട് നിർമിച്ചത്. ആകെ 15 ലക്ഷം രൂപയായിരുന്നു ഉടമസ്ഥന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുസെന്റ് ഭൂമി വാങ്ങിയപ്പോൾ അഞ്ചുലക്ഷം തീർന്നു. ബാക്കിയുള്ള 10 ലക്ഷം രൂപയിൽ ഒതുക്കി വീടിന്റെ നിർമാണം ഭംഗിയായി പൂർത്തിയാക്കി.
പ്ലോട്ടിന്റെ ആകൃതിക്കനുസരിച്ചാണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടാണിത്. വീടിന്റെ വ്യാപ്തി കാഴ്ചയിൽ അനുഭവവേദ്യമാകാൻ എലിവേഷനിൽ പലയിടത്തും ജ്യാമിതീയ രൂപങ്ങളുടെ സങ്കലനം കാണാം. പിന്നിലേക്കുള്ള കാഴ്ച മറയ്ക്കാൻ വശങ്ങളിൽ ഷോ വാളുകൾ നൽകിയത് ശ്രദ്ധേയമാണ്. ഇത് ഹൈലൈറ്റ് ചെയ്യുന്നതിന് കറുത്ത പെയിന്റ് അടിച്ചു. വെള്ള നിറമാണ് ബാക്കി പുറംഭിത്തികളിൽ നൽകിയത്. ചെറിയ ബജറ്റിലും പുറംകാഴ്ചയ്ക്ക് ആകർഷകമായ രീതിയിൽ വീട് ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
സിറ്റ് ഔട്ട്, ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഒരു കോമൺ ബാത്റൂം, ഊണുമേശയും ഗോവണിയും ഉൾക്കൊളുന്ന ഹാൾ, അടുക്കള എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിട്ടുള്ളത്.
മിനിമൽ ശൈലിയിൽ വളരെ ലളിതമായി, എന്നാൽ ഉപയുക്ത നൽകുന്ന ഇന്റീരിയറാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്. ഓരോ മുറികളെയും വേർതിരിച്ചറിയാൻ ഒരു ഭിത്തിയിൽ ഹൈലൈറ്റർ നിറം നൽകിയത് ശ്രദ്ധേയമാണ്. അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു. വളരെ മിനിമൽ ശൈലിയിൽ ലിവിങ് റൂം. ഇവിടെ ചെറിയ സ്‌റ്റീൽ സീറ്റിങ് നൽകി. ലിവിങ്- ഹാൾ സെമി ഓപ്പൺ ശൈലിയിലാണ്. ഇതിനെ വേർതിരിക്കുന്ന ഭിത്തിയിൽ ഓറഞ്ച് ഹൈലൈറ്റർ നിറം നൽകി.
ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇതിനോടുചേർന്നുള്ള ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി.
ഇന്റീരിയറിലെ മറ്റൊരു സവിശേഷത ഇവിടെ നൽകിയ ഗോവണിയാണ്. സാധാരണ വീടുകളിൽ ഗോവണിയുടെ ലാൻഡിങ് വളരെയധികം സ്ഥലം അപഹരിക്കാറുണ്ട്. ഇവിടെ അതൊഴിവാക്കാൻ വീടിനു പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ഗോവണിയുടെ ലാൻഡിങ് നൽകിയത്. വീടിന്റെ പുറംകാഴ്ചയിൽ ബ്ലാക് ഗ്ലാസ് നൽകിയ സ്ക്വയർ പ്രൊജക്ഷൻ വരുന്നത് ഇവിടെയാണ്.
ലളിതമായ കിടപ്പുമുറികൾ. ഒരു ഭിത്തിയിൽ വീണ്ടും ഓറഞ്ച് ഹൈലൈറ്റർ നിറം നൽകിയിരിക്കുന്നു. താഴെ സ്‌റ്റോറേജ് സൗകര്യമുള്ള കട്ടിലാണ് ഒരുമുറിയിൽ നൽകിയിരിക്കുന്നത്.
മിനിമൽ ശൈലിയിലുള്ള അടുക്കള, ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിനു നൽകിയത്.
ചെലവ് കുറച്ച ഘടകങ്ങൾ
ചിത്രങ്ങൾ - അജീബ് കൊമാച്ചി
Project Facts
Location- Manjeri, Malappuram
Area- 756 SFT
Plot- 5 cent
Owner- Sharafudeen
Design- Suhail Nisam
Marikkar Designs, Manjeri
email- suhail@marikkardesigns.com
Mob- 9895368181
Completion year- 2016
Read more on Budget House Plan 10 ലക്ഷം രൂപയ്ക്ക് വീട് 25 ലക്ഷം രൂപയുടെ വീട്