ഒരു കാലമുണ്ടായിരുന്നു, ജോലി ചെയ്യുന്ന കാലത്ത് പണം സ്വരുക്കൂട്ടിവെച്ച് 50 വയസ്സെല്ലാം കഴിയുമ്പോഴേക്കും ആ പണം കൊണ്ട് വീട് വയ്ക്കുന്ന ഒരു തലമുറ. അവരുടെ ജീവിതകാലത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നു വീട് വെക്കുന്നത്. എന്നാൽ ഇന്ന് കഥ മാറി. വീട് വാങ്ങുന്നവരുടെ പ്രൊഫൈലിൽ കാര്യമായ മാറ്റങ്ങൾ കാലങ്ങൾക്കൊണ്ട് സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വീട് വാങ്ങൽ ജനത കുറച്ചുകൂടി യംഗ് ആണ് ഇന്ന്. 34-38 വയസ്സിനിടയിലുള്ളവർ വീട് വാങ്ങുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. യുവതലമുറയിൽ ഭാര്യയും ഭർത്താവിനും മിക്കവാറും ജോലിയുണ്ടാകും. അവർ ഒത്തൊരുമിച്ചാണ് വീട് വയ്ക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുക. രണ്ട് പേരും ശമ്പളക്കാരണെന്നതാണ് ഇപ്പോഴത്തെ യുവതലമുറയുടെ വലിയ ശക്തി. ഇരട്ടവരുമാനം യുവദമ്പതിമാരുടെ ട്രേഡ്മാർക്ക് ആയപ്പോൾ അവരാണ് ഭവനവായ്പ കമ്പനികളുടെയും ബാങ്കുകളുടെയുമെല്ലാം പ്രിയപ്പെട്ട 'നോട്ടപ്പുള്ളികൾ'.
വർഷങ്ങളോളം തുടർന്നും ജോലി ചെയ്യുമെന്നുള്ള ഉറപ്പ്, മികച്ച ശമ്പളം തുടങ്ങിയവ കാരണം ഇവർക്ക് ബാങ്കുകൾ ഭവനവായ്പ എളുപ്പം നൽകാനും ശ്രമിക്കും. എന്നാൽ ഇത്തരത്തിലുള്ള ദമ്പതികൾ വായ്പയെടുത്ത് വീട് വയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലേക്ക്... സ്റ്റാർട്ടർ ഹോമുകൾ... വലിയ വീടുണ്ടാക്കാൻ ചാടിക്കയറി ഇറങ്ങാതിരിക്കുന്നതാണ് യുവദമ്പതിമാർക്ക് നല്ലത്. സ്റ്റാർട്ടർ ഹോം എന്ന ആശയമാണ് അവർക്ക് യോജിക്കുക. അതായത്, നിലവിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ, അത്യാവശ്യം സൗകര്യങ്ങളോടുള്ള വീട്. അതും മികച്ചൊരു ലൊക്കേഷനിൽ.
വലിയ വീടിന് കൂടുതൽ നിക്ഷേപിക്കാത്തതാണ് നല്ലത്. എന്നാൽ ഭാവിയിൽ കുടുംബം വലുതാകുന്നത് അനുസരിച്ച് വീടിന് വലുപ്പം കൂട്ടാൻ പാകത്തിലായിരിക്കണം നിർമാണവും മറ്റും നടത്തേണ്ടത്. ലൊക്കേഷൻ പ്രധാനമാണ്. വീട് വിൽക്കണമെന്ന് തോന്നിയാൽ പെട്ടെന്ന് അത് സാധ്യമാകുന്നിടത്താകണം. ബജറ്റ് തീരുമാനിക്കൽ ഒരാളുടെ ജോലി സുരക്ഷിതമല്ലാത്ത കുടുംബം ആണെങ്കിൽ അതിനനുസരിച്ച ബജറ്റിൽ മാത്രം വീട് പണിയുന്നതാകും ഉചിതം. അല്ലാതെ വൻതുക വായ്പയെടുത്ത് പെട്ടുപോകാൻ ഇടവരുത്തരുത്.
വിവാഹജീവിതത്തിന്റെ ആദ്യ കാലം ആസ്വദിക്കാനുള്ള പണം കൂടി മാറ്റിവെച്ചൊന്നും വീട് പണിയാൻ മെനക്കെടരുത്. ജീവിതം ആസ്വദിക്കാനുള്ളത് തന്നെയാണ്. അതിനോടൊപ്പമുള്ള പ്രാധാന്യമാണ് വീടിനും നൽകേണ്ടത്. രണ്ട് പേരുടെയും ശമ്പളത്തിന്റെ യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തലിന് ശേഷമാകണം വീടിനുള്ള ബജറ്റ് നിശ്ചയിക്കേണ്ടത്.
വാടകയ്ക്ക് തന്നെ നിന്നാൽ മതിയോ പല ദമ്പതിമാർക്കും എപ്പോഴും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വീടിനെ ഒരു നിക്ഷേപമായി കാണാൻ ആഗ്രഹിക്കാത്ത യുവദമ്പതിമാർ ഉണ്ട്. വാടക നൽകി താമസിച്ച് മറ്റ് നിക്ഷേപക മാർഗ്ഗങ്ങൾ, ഓഹരി, മ്യൂച്ചൽ ഫണ്ട് അങ്ങിനെ...തേടുന്നവർ നിരവധിയാണ്. ഒരു പങ്കാളിക്ക് ഇതിലാണ് താൽപ്പര്യമെങ്കിൽ സമവായത്തിലെത്തിയ ശേഷം മാത്രം വായ്പയ്ക്ക് ഓടിയാൽ മതി.
എന്നാൽ വീട്ടുവാടകയിൽ നിന്ന് കൂടുതൽ നേടാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. വിപണി സാഹചര്യം മനസിലാക്കുക വീട് വാങ്ങാനോ വയ്ക്കാനോ ഓടും മുമ്പ് നിലവിലെ വിപണി സാഹചര്യം കൂടി പഠിക്കണം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയെന്ന വലിയ പരിഷ്‌കരണത്തിലൂടെ വിപണി ഒന്നു കലങ്ങി മറിയാനുണ്ട്. റെറ പൂർണ അർത്ഥത്തിൽ പ്രാബല്യത്തിലായാൽ വിലയിലും സുരക്ഷിതത്വത്തിലും ഉപഭോക്താവിന് സഹായപ്രദമായ നിരവധി കാര്യങ്ങൾ സംഭവിക്കും. അൽപ്പം ഒന്ന് കാത്തിരിക്കുന്നത് നല്ലതാണ്.