അങ്കമാലിക്കടുത്ത് കരയപ്പറമ്പിലാണ് എന്റെ വീട്. എന്റെ ചെറുപ്പത്തിൽത്തന്നെ ഞങ്ങളിവിടെ സ്ഥലംവാങ്ങി വീട് വയ്ക്കുകയായിരുന്നു. അച്ഛൻ വർഗീസ് ഓട്ടോ ഡ്രൈവറാണ്. അമ്മ അൽഫോൻസ വീട്ടമ്മ. അനിയത്തി ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു.
പതിനഞ്ചാം വയസ്സിൽ സെമിനാരിയിൽ ചേരാൻ ഞാൻ മൈസൂരിലേക്ക് വണ്ടി കയറി. ആദ്യമായിട്ടാണ് വീടുവിട്ട് പരിചയമില്ലാത്ത സ്ഥലത്ത് നിൽക്കുന്നത്. അവിടെ മൊത്തത്തിൽ വേറെ സെറ്റപ്പാ. വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേൽക്കണം. എല്ലാ കാര്യത്തിലും സമയം പാലിക്കണം. ജീവിതത്തിൽ കൃത്യനിഷ്ഠ പഠിക്കാൻ സെമിനാരി ജീവിതം വളരെ നല്ലതാ. പക്ഷേ അതിനേക്കാൾ വലുതാണ് സ്വാതന്ത്ര്യം എന്ന തോന്നൽ ഉണ്ടായപ്പോൾ ഞാൻ നാട്ടിലേക്ക് വണ്ടി കയറി.
വീട്ടിലെങ്ങനെ അടങ്ങിയൊതുങ്ങി ഇരിക്കുന്ന സ്വഭാവം എനിക്കില്ല. സമയം കിട്ടുമ്പോഴൊക്കെ യാത്ര പോകും. ഒറ്റയ്ക്കും, സുഹൃത്തുക്കൾക്കൊപ്പവും ഇന്ത്യയിൽ കുറെ സ്ഥലങ്ങളിൽ കറങ്ങിയിട്ടുണ്ട്. നേരത്തെ താമസസ്ഥലം കണ്ടുവയ്ക്കുന്ന പരിപാടിയൊന്നുമില്ല. അവിടെ ചെന്ന് അലഞ്ഞു കണ്ടുപിടിക്കും. മണാലിയാണ് ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം.
സിനിമയുടെ ഷൂട്ടിങ് അങ്കമാലിയിൽ തന്നെ ആയിരുന്നതുകൊണ്ട് വീടുവിട്ട് നിൽക്കേണ്ടിവന്നില്ല. പടത്തിൽ എന്റെ വീടായി കാണിക്കുന്നത് ചെമ്പൻ ചേട്ടന്റെ (ചെമ്പൻ വിനോദ്) വീടാണ്.
ഓടിട്ട വീടുകൾ ആണ് എനിക്കിഷ്ടം. യാത്രയിൽ ഭംഗിയുള്ള വീടുകളൊക്കെ കണ്ടാൽ ശ്രദ്ധിക്കാറുണ്ട്. ഇവിടെ കറുകുറ്റിപ്പള്ളിക്കടുത്ത് ഓടിട്ടൊരു രണ്ടുനില വീടുണ്ട്. രാത്രിയിൽ ലൈറ്റൊക്കെ ഇട്ട്, കാണാൻ നല്ല രസമാണ്.
തികച്ചും സാധാരണ ചുറ്റുപാടുകളിൽനിന്ന് വന്ന ആളാണ് ഞാൻ. അതുകൊണ്ട് ആഡംബരത്തിനോടൊന്നും വലിയ താത്പര്യമില്ല. നമുക്ക് വേണ്ടുന്ന സൗകര്യങ്ങൾ എല്ലാമുള്ള, കണ്ടാലാരും തെറ്റ് പറയാത്ത ഒരു വീട്. എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ. അതുവരെ കാത്തിരിക്കാം.