ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത് ? ഏങ്കിൽ ഇരുന്നിടത്തു നിന്ന് ഒന്നനങ്ങിയില്ലെങ്കിൽ എത്ര വ്യായാമം ചെയ്തിട്ടും ഒരു ഫലവും ഉണ്ടാകില്ല. പറയുന്നത് കൊളംബിയ സർവകലാശാല ഗവേഷകരാണ്.
അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കൂടുതൽ സമയം ഒരേയിരിപ്പ് ഇരിക്കുന്നത് നേരത്തെ മരണത്തെ ക്ഷണിച്ചു വരുത്തലാകും.
എണ്ണായിരത്തോളം പേരിൽ നടത്തിയ പഠനത്തിലാണ് ഇരിക്കുന്ന സമയവും മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടത്.
അരമണിക്കൂറിൽ കുറവ് മാത്രം ഇരിക്കുന്നവർക്കാണ് മരണസാധ്യത കുറവ്. ‘കുറച്ച് ഇരിക്കുക കൂടുതൽ ചലിക്കുക’ ഇതാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആഹ്വാനം ചെയ്യുന്നത്.
കൊളംബിയ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകനായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
മുതിർന്നവർ എല്ലാ ആഴ്ചയും രണ്ടര മണിക്കൂർ മിതമായതു മുതൽ കഠിനമായതു വരെ എയറോബിക് എക്സർസൈസ് ചെയ്യുകയും അതോടൊപ്പം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പേശികൾക്ക് ശക്തി നൽകുന്ന പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഫോർ പ്രിവൻഷൻ നിർദേശിക്കുന്നു.