കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അൻപതു കോടിയോളം രൂപ ചെലവു വരുമെന്നു കണക്ക്. അടുത്ത മാസം ആദ്യത്തോടെ ബോയിങ് കമ്പനിയുടെ എൻജിനീയറിങ് വിഭാഗമെത്തി അറ്റകുറ്റപ്പണികൾ ആരംഭിക്കും. കഴിഞ്ഞ അഞ്ചിന് അബുദാബിയിൽ നിന്നെത്തിയ വിമാനം ടാക്സിവേയിൽ നിന്ന് ഏപ്രണിലേക്കു നീങ്ങുന്നതിനിടെ കാനയിൽ പതിക്കുകയായിരുന്നു. നിർദിഷ്ട പാതയിൽ നിന്നു വ്യതിചലിച്ചു വിമാനം തിരിക്കേണ്ട സ്ഥലത്തിനു മുൻപു തിരിഞ്ഞതാണു വിമാനം കാനയിൽപ്പെടാനിടയാക്കിയത്.
വിമാനത്തിന്റെ മുൻചക്രം (നോസ് വീൽ) കാനയിൽ വീണെങ്കിലും കുടുങ്ങാതെ കയറിപ്പോന്നു. പിന്നിലെ രണ്ടു ചക്രങ്ങളും അഞ്ചടിയോളം താഴ്ചയുള്ള കാനയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റില്ല. പിറ്റേന്നു കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ (സിയാൽ) ഡിസേബിൾഡ് എയർക്രാഫ്റ്റ് റിക്കവറി സംവിധാനം ഉപയോഗിച്ചു വിമാനം കാനയിൽ നിന്നു പുറത്തെടുത്ത് എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാംഗറിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ചു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് കൊച്ചിയിലെത്തി അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് ഡിജിസിഎയ്ക്കു കൈമാറിയിരുന്നു.അപകടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കകം നൽകുമെന്നറിയുന്നു.
റിപ്പോർട്ടിൽ അപകടവുമായി ബന്ധപ്പെട്ട് ആർക്കാണ് അനാസ്ഥയുണ്ടായിട്ടുള്ളതെന്നും അവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ശുപാർശയുമുണ്ടാകും.അപകടത്തേത്തുടർന്നു വിമാനത്തിന്റെ പൈലറ്റ്, കോ–പൈലറ്റ് എന്നിവരെ എയർ ഇന്ത്യ എക്സ്പ്രസ് അന്നു മുതൽ ജോലിയിൽ നിന്നു മാറ്റിനിർത്തിയിരിക്കുകയാണ്.
ബോയിങ് കമ്പനിയുടെ 737–800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തേത്തുടർന്നു കമ്പനിയുടെ അഞ്ചംഗ സംഘം കൊച്ചിയിലെത്തി വിമാനത്തിന്റെ നാശനഷ്ടങ്ങൾ വിലയിരുത്തിയിരുന്നു. അൻപതു കോടിയോളം രൂപയുടെ കേടുപാടുകൾ സംഭവിച്ചതായാണു കണ്ടെത്തൽ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടം തിരിച്ചടി
∙എയർഇന്ത്യ എക്സ്പ്രസ് വരുമാനവർധനയ്ക്കായി പുതുതായി കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തയാറെടുക്കുന്ന സമയത്തായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണു കമ്പനി ശ്രമിക്കുന്നത്. പൂർണമായി അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ മൂന്നു മാസത്തോളം വേണ്ടിവരും.
അപകടത്തേത്തുടർന്നു വിമാനത്തിനു ലഭിക്കാവുന്ന നഷ്ടപരിഹാരം എത്രയെന്നു സ്ഥലത്തെത്തിയ വിമാനത്തിന്റെ ഇൻഷുറൻസ് കമ്പനി അധികൃതർ എയർഇന്ത്യ എക്സ്പ്രസിനെ അറിയിക്കും. ഇതു കൂടി ലഭിച്ച ശേഷമാകും അറ്റകുറ്റപ്പണി ആരംഭിക്കുക. ഇത്തരത്തിലുള്ള പുതിയൊരു വിമാനത്തിന് 600 കോടിയോളം രൂപ വില വരും. എയർഇന്ത്യ എക്സപ്രസ് ഡയറക്ടർ ബോർഡ് യോഗം ചേർന്നു വേണം അറ്റകുറ്റപ്പണികൾ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ.