ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്ന ടെക്നോളജി സെൻറർ എറണാകുളം അങ്കമാലിയിൽ വരുന്നു. നൂറ്റി പതിമൂന്ന് കോടി രൂപ ചെലവ് വരുന്ന കേന്ദ്ര പദ്ധതിക്കുള്ള സ്ഥലം സംസ്ഥാന സർക്കാർ നൽകും. പതിനാല് മാസത്തിനകം സെന്റർ പ്രവർത്തനം തുടങ്ങുമെന്ന് ഇന്നസെന്റ് എം.പി.അറിയിച്ചു.
അങ്കമാലി ഇൻകൽ പാർക്ക് കാമ്പസിനുള്ളിലെ ഈ ഭൂമിയിലാവും ടെക്നോളജി സെന്റർ ഉയരുക. കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം പുതുതായി സ്ഥാപിക്കുന്ന 15 സെന്ററുകളിൽ ഒന്നാണ് അങ്കമാലിയിലേത്. 113 കോടിയാണ് ആദ്യ ഘട്ടത്തിന്റെ നിർമാണ ചെലവ്. ചെറുകിട വ്യവസായങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിനൊപ്പം തൊഴിൽ പരിശീലനവും സെന്ററിൽ ലഭ്യമാകും. രണ്ടാം ഘട്ട നിർമാണം കൂടി പൂർത്തിയാകുമ്പോഴേക്കും പദ്ധതി ചെലവ് 200 കോടി രൂപയായി ഉയരും. 15 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി നൽകിയിരിക്കുന്നത്.