ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായി മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാല്‍ നാലാം നിലയിലടക്കമുള്ള സർക്കാർ ഓഫീസുകളിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് രോഗികളും പ്രായമായവരും.
ഇത് ആലുവ കീഴ്മാട് സ്വദേശി ഷൈമോന്‍ ജോസഫ്. മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയിലുള്ള ആലുവ ജോയിന്റ് ആർ.ടി.ഓഫിസിൽ ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ എഴുതാനെത്തിയതാണ് ഷൈമോന്‍. ശരീരത്തിന്റെ പകുതിയിലധികം തളർന്ന ഷൈമോൻ ഭിന്നശേഷിയുള്ളവര്‍ക്കുള്ള പ്രത്യേക ലൈസൻസ് എടുക്കാനാണ് എത്തിയത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ വീല്‍ചെയറില്‍ അരമണിക്കൂറോളം കാത്തുനിന്നു.
ഷൈമോന്റെ നിസ്സഹായാവസ്ഥ കണ്ടവര്‍ ഒടുവില്‍ സഹായത്തിനെത്തി. ഷൈമോനെ പൊക്കിയെടുത്ത് നാലാം നിലയിലെത്തിച്ചു. പത്തിലേറെ സര്‍ക്കാര്‍ ഓഫിസുകളാണ് ആലുവ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്.