ഉറക്കം തലച്ചോറിന്റെ വിശ്രമവേളയാണ്, ഓര്‍മകളെ അരിച്ചെടുക്കലാണ്, ശരീരകോശങ്ങളില്‍നിന്നു വിഷം പുറന്തള്ളുന്ന ശുദ്ധീകരണ പ്രക്രിയയാണ്... എന്തൊക്കെയാണു വ്യാഖ്യാനങ്ങള്‍! പക്ഷേ ഇപ്പോഴിതാ, ഉറക്കത്തിനു തലച്ചോറുമായി ബന്ധം വേണമെന്നില്ലെന്നു തെളിയിച്ചിരിക്കുകയാണ് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ഥികള്‍.
ആദിമ ജീവി വിഭാഗത്തിൽപ്പെട്ട തലച്ചോറില്ലാത്ത കാസിയോപിയ ജെല്ലി ഫിഷിന്റെ ജീവിതചര്യകള്‍ സൂക്ഷ്മമായി പിന്തുടര്‍ന്ന ഗവേഷണ സംഘമാണ് ആ ജീവിക്കും ഉറക്കം ഒഴിച്ചുകൂടാനാകാത്തതെന്ന കണ്ടെത്തൽ നടത്തിയത്. മൈക്കല്‍ എബ്രാംസ്, ക്ലെയ്ര്‍ ബെഡ്ബ്രൂക്, ഇന്ത്യൻ വംശജനായ രവി നാഥ് എന്നിവരുടേതാണു കണ്ടെത്തല്‍.