രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു കുറച്ചുനാൾ മുൻപ് ചെറിയ ഒരു മാറ്റമുണ്ടായി. അത് വാക്കുകളിലോ പ്രവൃത്തിയിലോ അല്ലായിരുന്നു. ഹെയർ സ്റ്റെലിലാണു ചെന്നിത്തല രൂപമാറ്റം വരുത്തിയത്. ആ മാറ്റം ഏറെ ചർച്ചയുമായി.
കൂടുതൽ യുവത്വത്തോടെയും ഒപ്പം ഗൗരവത്തോടെയും പ്രതിപക്ഷനേതാവ് എത്തിയപ്പോൾ രാഷ്ട്രീയ എതിരാളികൾ വരെ പറഞ്ഞു. സംഭവം കലക്കി. പ്രതിപക്ഷ നേതാവിനു പുത്തൻ ലുക്ക് നൽകിയ ഹെയർസ്റ്റെൽ ഡിസൈൻ ചെയ്തതു തലസ്ഥാനത്തെ ഹെയർ ഡിസൈനറാണെന്നത് അധികമാരും അറിയാത്ത കാര്യം.
രണ്ടു പതിറ്റാണ്ടോളമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിജയ് ബാബുവിനു ( വിജി ) രണ്ടു മാസത്തോളം മുൻപാണ് കന്റോൺമെന്റ് ഹൗസിൽ നിന്നു വിളി എത്തുന്നത്. മുടിക്കു ചില പ്രശ്നങ്ങളുള്ളതിനാൽ നോക്കണമെന്നായിരുന്നു ആവശ്യം. വ്യക്തിത്വത്തിന്റെ പ്രതീകമാണ് ഹെയർസ്റ്റെൽ എന്നു വിശ്വസിക്കുന്ന വിജി ദൗത്യം ഏറ്റെടുത്തു. ചെറിയ ചില മാറ്റങ്ങൾ നിർദേശിച്ചതിനോടു പ്രതിപക്ഷനേതാവ് മുഖം തിരിച്ചില്ല. പിന്നെ ജനം കണ്ടതു പുത്തൻ ഹെയർസ്റ്റെലിൽ പുതുമയോടെ തിളങ്ങുന്ന പ്രതിപക്ഷ നേതാവിനെ.
നേരത്തെ ഒരു വശത്തേക്കു ചീകി ഒതുക്കിവച്ചിരുന്ന മുടിയെ കൂടുതൽ സ്വാഭാവികതയിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്തതെന്നു കണ്ണമ്മൂലയിലുള്ള ഫെയർ പാർലറിലെ വിജി പറയുന്നു. ഒരു വശത്തേക്ക് ചീകിവച്ചിരുന്നപ്പോൾ പ്രതിപക്ഷ നേതാവിന്റെ മുഖത്തിനു വലുപ്പം കൂടുതൽ തോന്നിച്ചിരുന്നു.
അത് ഒഴിവാക്കി സ്വാഭാവികമായ നിലയിലേയ്ക്കെത്തിച്ചു. ഒപ്പം ഹെയർകളർ കൂടുതൽ സ്വാഭാവികമാക്കി. വെളുപ്പുകയറിയ മുടികൾ വളരെ കുറവാണ് അദ്ദേഹത്തിന്. എന്നാൽ ഉള്ളവയെ മറയ്ക്കാതെ സൈറ്റ് ചെയ്തതോടെ മൊത്തത്തിൽ ഒരു രൂപമാറ്റമായി. ചെന്നിത്തലയെ കണ്ടുപരിചയിച്ചവർക്ക് ആദ്യം അദ്ഭുതമായെങ്കിലും ഇപ്പോൾ അവരും ആ മാറ്റത്തെ അംഗീകരിച്ചു.
ചലച്ചിത്രരംഗത്തെ പലരുടെയും ഹെയർ ഡിസൈൻ ചെയ്യുന്നതു വിജിയാണ്. പ്യഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങിയവർ അതിൽ ചിലർ മാത്രം. പ്യഥ്വിരാജിനു പത്തു വർഷത്തിലേറെയായി ഈ ഹെയർ സ്റ്റൈലിസ്റ്റാണ് ആശ്രയം