എൻജിനിൽ വടം കെട്ടി ‘നീതിമാനെ’ ഉയർത്താനുള്ള ശ്രമവും പാളി. അഴിമുഖത്തെ കപ്പൽചാലിൽ 16 മീറ്റർ താഴ്ചയിൽ മുങ്ങിക്കിടക്കുന്ന മീൻപിടിത്ത ബോട്ടിന്റെ എൻജിനിൽ ഇരുമ്പു വടം കെട്ടിയ ശേഷം ഇന്നലെ ഉയർത്തിയെങ്കിലും എൻജിൻ അപ്പാടെ വിട്ടുപോവുകയായിരുന്നു.
എൻജിൻ മുറിയിൽ നിറഞ്ഞ ചെളി ഭാഗികമായി നീക്കിയ ശേഷമായിരുന്നു മുങ്ങൽ വിദഗ്ധർ വടം ബന്ധിപ്പിച്ചത്. ഏറെ പഴക്കമുള്ള ബോട്ടിന്റെ പല ഭാഗങ്ങളും വേണ്ടത്ര ബലമില്ലാത്ത അവസ്ഥയിലാണെന്നതിനാലാണു വടം കെട്ടുന്ന ഭാഗങ്ങളൊക്കെ വിട്ടുപോരുന്നതെന്നു ചൂണ്ടിക്കാട്ടുന്നു.
ഒരാഴ്ച മുൻപു കപ്പൽ ചാലിൽ മുങ്ങിയ ബോട്ട് ഉയർത്താൻ ലോട്ടസ് ഷിപ്പിങ് കമ്പനിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി ശ്രമം നടത്തിവരികയാണ്. നാലാമത്തെ ശ്രമമാണ് ഇന്നലെ പരാജയപ്പെട്ടത്. ബോട്ട് ഉയർത്തിമാറ്റാതെ കപ്പൽ ഗതാഗതം പൂർണതോതിൽ ആക്കാൻ കഴിയില്ലെന്നതാണു സ്ഥിതി.