ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത തിരുവാതിര സംഘടിപ്പിച്ചതിന്റെ ഖ്യാതി ഇനി കിഴക്കമ്പലം ഗ്രാമത്തിന് സ്വന്തം. 6582 പേരാണ് ട്വന്റി ട്വന്റി ഗ്രൂപ്പിന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവാതിരയിൽ ചുവടുവച്ചത്.
പല പ്രായക്കാർ, പല ഭാഷക്കാർ, പല നാട്ടിൽ നിന്ന് വന്നവർ.ഒരേ വേഷമിട്ട് ഒരേ താളത്തിൽ അവർ ചുവടുവച്ചു. നർത്തകിമാർക്ക് പിന്തുണയുമായി കിഴക്കമ്പലം ഗ്രാമവാസികളും കിറ്റക്സ് അപ്പാരൽ പാർക്ക് അങ്കണത്തിൽ ഒത്തുകൂടി.
മലയാളികൾക്കൊപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കെത്തിയ വനിതകളും മെഗാ തിരുവാതിരയുടെ ഭാഗമായി.പാർവണേന്തു സ്കൂൾ ഓഫ് തിരുവാതിര മേധാവി മാലതി ജി നായരുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് മെഗാ തിരുവാതിര അരങ്ങിലെത്തിയത്.
പതിനഞ്ച് മിനിട്ടോളം നീണ്ട പ്രകടനത്തിനൊടുവിൽ റെക്കോർഡുറപ്പിച്ച് ഗിന്നസ് അധികൃതരുടെ പ്രഖ്യാപനമെത്തി. അയ്യായിരത്തിലേറെ പേരെ അണിനിരത്തി ഇരിങ്ങാലക്കുടയിൽ നടന്ന തിരുവാതിര കളിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.