ഇതൊക്കെ പറഞ്ഞപ്പോഴാണ് കോണ്‍ഗ്രസിന്റെ ശരിക്കും ഉള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കിയത്. രാഷ്ട്രീയ കാര്യസമിതി യോഗമൊക്കെ ചേരാന്‍ പോവുകയാണ്. നാട്ടില്‍ രാഷ്ട്രീയം വല്ലാതെ കളിക്കാത്തതുകൊണ്ടും പങ്കെടുത്ത് വിജയിപ്പിച്ച ഏക പരിപാടി സോളര്‍ ആയതുകൊണ്ടും ചര്‍ച്ച വേറെയൊന്നും ആവാന്‍ വഴിയില്ല. സോളര്‍ ഏല്‍ക്കാത്തവരും ഏറ്റവരും എന്നീ രണ്ടു ഗ്രൂപ്പ് മാത്രമായി ചുരുങ്ങിക്കൊണ്ടാവണം രാഷ്ട്രീയകാര്യസമിതിയിലെ ചര്‍ച്ച പുരോഗമിക്കുക. ഗ്രൂപ്പുകളുടെ ബാഹുല്യമില്ലാതെ കോണ്‍ഗ്രസ് അടുത്ത കാലത്ത് നടത്തുന്ന ആദ്യത്തെ യോഗം കൂടിയാണ് നടക്കാന്‍ പോകുന്നത്. കൈയ്യടിച്ചാട്ടെ.
അപ്പോഴാണ് കെപിസിസി പട്ടിക എന്തായീന്ന് ആരെങ്കിലുമൊക്കെ ഓര്‍ക്കുന്നത്. അതിനും തീരുമാനമായിട്ടില്ല. ഒരു പട്ടികയുണ്ടാക്കും ഡല്‍ഹിക്ക് പറക്കും. ഹൈക്കമാന്‍ഡിന് പക്ഷേ ഇതുവരെ അതൊന്നും ഒരു പട്ടികയായി തോന്നീട്ടുമില്ല. പിന്നെ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൂടി വന്നതോടെ നേതാക്കള്‍ക്കെല്ലാം പേരിനു പിന്നില്‍ വയ്ക്കാന്‍ ചില പുതിയ ക്രെഡിറ്റ് കൂടി ആയ സ്ഥിതിക്ക് ഹൈക്കമാന്‍ഡിന് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.