ബിജെപിയാണ് ഇക്കൊല്ലം യാത്രക്ക് തുടക്കമിട്ടത്. ഗംഭീര പാക്കേജായിരുന്നു. കേന്ദ്രനേതാക്കളും കേന്ദ്രമന്ത്രിമാരേയുമൊക്കെ രംഗത്തിറക്കിയുള്ള ഒരു ബിഗ് ബജറ്റ് യാത്ര. നരേന്ദ്രമോദിയുടെ മാത്രം കുറവ് അനുഭവപ്പെട്ട ഒരു യാത്ര. ഇതൊക്കെ കഴിഞ്ഞപ്പോഴാണ് ഇടതുമുന്നണി ഒരു യാത്രയെക്കുറിച്ച് ആലോചിച്ചത്.അങ്ങനെ അവര്‍ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായി ചര്‍ച്ച ചെയ്തു. ബിജെപി ചെയ്തപ്പോലെ കേന്ദ്രത്തില്‍ നിന്ന് നേതാക്കളെ ഇറക്കുന്നതിനെ കുറിച്ച് ചിന്തിച്ചിതേയില്ല. സിപിഎമ്മിനെ സംബന്ധിച്ച് അങ്ങനെയൊരു ചിന്തയേ അസ്ഥാനത്താണ്. ആകെയുള്ളവര്‍ ഡല്‍ഹി വിട്ടാല്‍ പിന്നെ കേരളത്തിലേ വരാറുള്ളു. എങ്കില്‍ പിന്നെ വലിയ പണിയൊന്നും ഇല്ലാതിരിക്കുകയും എന്നാല്‍ വലിയ സ്ഥാനങ്ങളില്‍ ഇരിക്കുകയും ചെയ്യുന്ന രണ്ടുപേരെ മുന്നണി യാത്രയാക്കാന്‍ തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണനേയും കാനം രാജേന്ദ്രനേയും.
ഭരണം കിട്ടിയതില്‍ പിന്നെ ഇടതുമുന്നണിയിലെ നേതാക്കള്‍ക്കൊന്നും ഒരു പണിയുമില്ല. സമരത്തിനൊന്നും സ്കോപ്പില്ലല്ലോ. ആകെയുള്ളത് പ്രസംഗവും പിന്നെ മാധ്യമങ്ങളെ കാണുമ്പോഴുള്ള തള്ളുകളും മാത്രമാണ്. ഒന്നാമത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ പാര്‍ട്ടിയായ സിപിഎമ്മിനുപോലും പ്രസക്തിയില്ലാതായിട്ടുണ്ട്. പിന്നെ പാര്‍ട്ടി സെക്രട്ടറിയുടെ കാര്യം പറയേണ്ടല്ലോ. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്ക് പണിയില്ലാതായപ്പോഴാണ് കാനവും സിപിഐയും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ കാനം തന്നെ ശ്രമിക്കുന്നത്. എന്നാപിന്നെ ഒരു വിനോദയാത്രസംഘടിപ്പിച്ച് ഇവര്‍ക്കൊക്കെ ഒരു പണിനല്‍കാമെന്ന് മുന്നണിയോഗം കൂടി തീരുമാനിച്ചത്. ഈ നാട്ടിലൊക്കെ കൂട്ടുകാര്‍ ബോറടിക്കുമ്പോള്‍ ഒരു യാത്രപോവില്ലേ അതുപോലെ.
സത്യത്തില്‍ ഇടതുമുന്നണി ഇത്തരത്തിലൊരു യാത്ര നടത്തേണ്ട കാര്യമേയില്ല. ഒരു യാത്ര നടത്തുമ്പോള്‍ എന്തെങ്കിലുമൊക്കെ ബോധിപ്പിക്കാന്‍ വേണം. ഇതിപ്പോ കോണ്‍ഗ്രിനെ കുറ്റംപറയാന്‍ സോളര്‍ ഉണ്ട്. ബിജെപിക്കാരെ പറയിപ്പിക്കേണ്ടതെല്ലാം പറയിപ്പിച്ചാണ് കേന്ദ്രനേതാക്കള്‍ മടങ്ങിയതുതന്നെ. കേരള സര്‍ക്കാര്‍ വലിയ പ്രതിസന്ധിയൊന്നും നേരിടുന്നുമില്ല. അപ്പോ പിന്നെ ഇതിനെ വിനോദയാത്രയായി കാണണം. എങ്കില്‍ കാനം രാജേന്ദ്രനെ നേരെ വടക്കോട്ട് പറഞ്ഞയക്കണമായിരുന്നു. കോടിയേരിയെ തെക്കുഭാഗത്തേക്കും. രണ്ടുപേരും അവരവരുടെ നാട് വിട്ട് കുറച്ച് പുതിയ സ്ഥലങ്ങളെങ്കിലും കാണട്ടേന്ന്.
കോടിയേരിയുടെ ലൈന്‍ പിടികിട്ടിയല്ലോ. ആള് കുറെ കോമഡിയൊക്കെ പഠിച്ചാണ് വന്നിരിക്കുന്നത്. അല്ലെങ്കിലും ഈ യാത്രയില്‍ ആ ലൈന്‍ തന്നെയാണ് നല്ലത്. ആളുകള്‍ക്ക് ബോറടിക്കുമില്ല. കാനം പക്ഷേ മുടിഞ്ഞ പഠിപ്പീരാണ്. ബിജെപിക്കാരെ മിനിമം പത്താംക്ലാസെങ്കിലും പാസാക്കിവിട്ടേ കാനം സഖാവ് നിര്‍ത്താന്‍ വഴിയുള്ളു. ഒരു കാര്യം കൂടി, ബിജെപിയാത്രയെ കണ്ടിട്ടെങ്കിലും എല്‍ഡിഎഫുകാര്‍ക്ക് അവരുടെ യാത്ര വെറൈറ്റി ആക്കാമായിരുന്നു. കുമ്മനത്തിന്‍റെ വീടിനു മുന്നിലൂടെയോ അല്ലെങ്കില്‍ അത്തരം ഊടിവഴികളിലൂടെ കൊടിയും പിടിച്ച് പോകാമായിരുന്നു. ഇതൊന്നും കേട്ട് കുമ്മനംജി തളരരുത്. മാത്രമല്ല, നേരത്തെ സംഘടിപ്പിച്ച പോലുള്ള കോമഡിരക്ഷാ യാത്രകള്‍ ഇനിയും ഇനിയും സംഘടിപ്പിക്കുകയും വേണം. അന്യനാട്ടുകാര്‍ ഇവിടെ വന്ന് നമ്മുടെ നാടിനെക്കുറിച്ചൊക്കെ പറയുന്നത് കേള്‍ക്കാന്‍ തന്നെ എന്തുരസമാണ്. എന്തുപുതുമയാണ്. അതിനിയും തുടരണം.