പലതരം നയതന്ത്രചര്‍ച്ചകളും തീരുമാനങ്ങളും ഈ ലോകത്ത് നടക്കുമ്പോള്‍ ഇവിടെയാണ് ഒരു പ്രശ്നം കീറാമുട്ടിയായി തുടര്‍ന്നത്. അതിനേതായാലും ഒരു തീരുമാനമായി. കെപിസിസി പട്ടികയ്ക്ക്.
ഇനി ഇതില്‍ എങ്ങനെ ഒരു തീരുമാനമുണ്ടായി എന്നത് സംബന്ധിച്ച് ഒരു രാജ്യാന്തര പഠന കോണ്‍ഗ്രസ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നടത്താവുന്നതാണ്. അത് ഒരു പ്രബന്ധമായി പുറത്തിറക്കുകയും വേണം. കശ്മീര്‍ പ്രശ്നമൊക്കെ പരിഹരിക്കാന്‍ അത് പ്രചോദനമായെങ്കിലോ.
ഇതിനിടയിലാണ് കേരളത്തില്‍ മന്ത്രിക്കെന്തുവിലയെന്നൊക്കെ ചോദ്യം ഉയരുന്നത്. ഒരു പേരിലെന്തിരിക്കുന്നു എന്നൊക്കെ ചോദിക്കുംപോലെയാണ് ഒരു മന്ത്രിയായിരിക്കുന്നതില്‍ എന്തിരിക്കുന്ന് എന്നത്. സംഗതി തോമസ് ചാണ്ടിയുടെ പ്രശ്നമാണ്. റവന്യൂമന്ത്രി മറ്റൊരുമന്ത്രിക്കെതിരായി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെടുമ്പോള്‍ ആദ്യം മുഖ്യമന്ത്രി നോ പറഞ്ഞു. പിന്നെ കേസില്‍ ഹാജരാകുന്നതിലായി പ്രശ്നം. അഡ്വക്കറ്റ് ജനറല്‍ ആണെങ്കില്‍ സൂപ്പര്‍ മുഖ്യമന്ത്രിയുമായി. തോമസ് ചാണ്ടിക്ക് അങ്ങ് കുവൈറ്റില്‍ മാത്രമല്ല ഇവിടെ പിണറായിയില്‍ വരെ നല്ലപിടിയാണ്.
എന്തായാലും പടയൊരുക്കം യുഡിഎഫ് ആരംഭിക്കുന്നതിനുമുമ്പ് എല്‍ഡിഎഫില്‍ ഉണ്ടായ വകയില്‍ തോമസ് ചാണ്ടിയോട് നന്ദിയുള്ളവരായിരിക്കണം കോണ്‍ഗ്രസുകാര്‍. അല്ലെങ്കിലും ഈ ചാണ്ടി എന്നുപേരുള്ളവര്‍ക്കൊക്കെ ഒടുക്കത്തെ വെറുപ്പാണ് രാജി എന്നവാക്കിനോട്.