ചില ആളുകള്‍ മാറുന്നത് കണ്ടാല്‍ അത്ഭുതം തോന്നും. ഉള്ളകാലത്തെല്ലാം കളിയാക്കി നടന്നവരൊക്കെ മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്നതില്‍ പിന്നെയാണ് മന്‍മോഹന്‍ സിങ്ങിനോടൊക്കെ ആളുകള്‍ക്ക് അല്‍പം ബഹുമാനമൊക്കെ തോന്നിത്തുടങ്ങിയത്. ഇതിപ്പോ മന്‍മോഹനു പിറകെ മറ്റൊരുകോണ്‍ഗ്രസ് നേതാവ് വെറും നേതാവല്ല അടുത്ത പ്രസിഡന്റാണ് രാഹുല്‍ ഗാന്ധിയെയും വിശുദ്ധപദവിയിലെത്തിച്ചായിരിക്കും മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുക. പപ്പുമോന്‍ എന്ന ഓമനപ്പേരുമാത്രം കേട്ട് വളര്‍ന്നതുകൊണ്ട് ആര്‍ക്കും തന്നെ ഒരു വിലയുമില്ലെന്ന് മനസിലാക്കിയപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ രാഹുകാലത്തില്‍ നിന്ന് രക്ഷിക്കാന്‍ അങ്ങ് അമേരിക്കയിലേക്ക് പറത്തിവിട്ടത്.
അമേരിക്കയ്ക്ക് പോയ ആളേയല്ല തിരിച്ചെത്തിയ രാഹുല്‍. പണ്ടത്തെ ചളി തമാശയല്ല ഇപ്പോ പറയുന്നത്. കാര്യമായിട്ട് ആരോ എന്തൊക്കെ പഠിപ്പിച്ചുവിട്ടിട്ടുണ്ട്. താനൊരു ശിക്കാരി ശംഭുവല്ലെന്നും ഒറിജിനല്‍ വേട്ടക്കാരനാണെന്നും തെളിയിക്കാനുള്ള ശ്രമമാണ്. ഏതായാലും അമേരിക്കയിലെ രാഹുലിന്‍റെ മാഷിന് നല്ല നമസ്കാരം.
മുമ്പ് എന്തൊക്കെയോ പറയാന്‍ ശ്രമിക്കും. പക്ഷേ ഏശില്ല. പറഞ്ഞതുതന്നെ തിരിച്ചടിക്കുകയും ചെയ്യും. മനസ് വിചാരിക്കുന്നിടത്ത് ശരീരവും ശരീരം വിചാരിക്കുന്നിടത്ത് മനസും ഒത്തുപോവാത്ത ഒരവസ്ഥ. നാട്ടിലെ സകല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളും പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. നേരെയായില്ല എന്നുമാത്രമല്ല കൂടുതല്‍ വഷളാവുകയും ചെയ്തു. ഇതൊന്നും പക്ഷേ രാഹുലിന്‍റെ കുഴപ്പം കൊണ്ടല്ല, പഠിപ്പിച്ചവരുടെ കുഴപ്പമാണ്. അല്ലെങ്കിലും കോണ്‍ഗ്രസില്‍ കൊള്ളാവുന്ന രീതിയില്‍ നാലുവാക്ക് പ്രസംഗിക്കാന്‍ അറിയുന്ന ഒരു നേതാവ് ആരാണുള്ളത്. ഇവിടെ കേരളത്തിലെപ്പോലെ ഒന്നുകില്‍ സിപിഎം അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്നതല്ലല്ലോ അവിടെ കേന്ദ്രത്തില്‍. പോരാത്തതിന് മോദിയെപ്പോലെ നന്നായി ഡയലോഗൊക്കെ പറഞ്ഞ് അഭിനയിക്കാന്‍ പറ്റുന്ന ഒരു താരമല്ലേ അപ്പുറത്ത്. പിടിച്ചുനില്‍ക്കാന്‍ പാടാണ്.
പറച്ചിലില്‍ മാത്രം ഊന്നല്‍ കൊടുത്താല്‍ ബിജെപിക്കാരെ നേരിടാനാവില്ലെന്ന് രാഹുലിനും മനസിലായിട്ടുണ്ട്. പ്രത്യേകിച്ചും അപ്പുറത്ത് എന്തിനും പോന്ന അമിത് ഷാജിയും ടീമുമാണ് നില്‍ക്കുന്നത്. അവരുടെ നാട്ടില്‍ പോയി, അതായത് ഗുജറാത്തില്‍ പോയി വല്ലതും പറയണമെങ്കില്‍ അല്‍പം ഗുണ്ടായിസവും വേണം. അങ്ങനെ നോക്കിയപ്പോഴാണ് താന്‍ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റൊക്കെയാണെന്ന് രാഹുലിന് പറയേണ്ടിവന്നത്. എന്നുവച്ചാല്‍, ഇങ്ങോട്ട് വന്നാല്‍ രണ്ടു ബ്ലോക്കെങ്കിലും തിരിച്ചുതരുമെന്നര്‍ഥം.
എന്നാലും ഇത്രയും കാലം ആ ബ്ലാക്ക് ബെല്‍റ്റ് ആരേയും കാണിക്കാതെ ഈ വെള്ള കുര്‍ത്തയ്ക്കും പൈജാമയക്കും ഒപ്പം ധരിച്ചുനടന്ന രാഹുല്‍ ഗാന്ധിയെ സമ്മതിക്കണം. ഇത്രയൊക്കെ ആയുധങ്ങള്‍ ആ ആവനാഴിയിലുണ്ടെന്ന് സ്വപ്നത്തില്‍ പോലും ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ കണ്ടിട്ടില്ല. രാഹുലിന്‍റെ ഈ തുറന്നുപറച്ചിലിന്‍റെ അടിസ്ഥാനത്തില്‍ നാട്ടിലെ സകല യൂത്ത് കോണ്‍ഗ്രസുകാരും നാടന്‍ തല്ലിലെങ്കിലും അവരവര്‍ സമ്പാദിച്ച ബെല്‍റ്റുകള്‍ അരയില്‍ നിന്നൂരി പാര്‍ട്ടി പരിപാടികളില്‍ എടുത്തുയര്‍ത്തേണ്ടതാണ്.