കേരള ജ്വല്ലറി ഷോ നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടങ്ങി. ആഭരണനിര്‍മാണ മേഖലയിലും, വിതരണ രംഗത്തും പ്രവര്‍ത്തിക്കുന്ന അന്‍പതോളം സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ജൂവല്‍ബുസും സംയുക്തമായാണ് കേരള ജ്വല്ലറി ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവീണ്‍ ശങ്കര്‍ പാണ്ഡ്യ ഷോ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആഭരണ ഉല്‍പാദന രംഗത്തും, വിതരണ രംഗത്തും പ്രവര്‍ത്തിക്കുന്ന അന്‍പതോളം പ്രമുഖ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ ചെറുകിട ആഭരണ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ജ്വല്ലറി വ്യവസായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുയാണ് ഷോയുടെ ലക്ഷ്യം. മേഖലയിലെ പുതിയ അവസരങ്ങള്‍ , ബിഐഎസ്, സ്വര്‍ണ നിരക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു. രാജ്യത്തെ സ്വര്‍ണാഭരണ നിര്‍മാണ മേഖലയുടെ വികസനത്തിന് ദീര്‍ഘകാല സ്വര്‍ണനയം രൂപവല്‍ക്കരിക്കണമെന്ന് പ്രവീണ്‍ ശങ്കര്‍ പാണ്ഡ്യ ആവശ്യപ്പെട്ടു. ജിഎസ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്ലാ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോമണ്‍ ഫെസിലിറ്റി സെന്റര്‍ തൃശൂരില്‍ തുടങ്ങും ആഭരണ നിര്‍മാതാക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെഷീനുകള്‍ ഉപയോഗിക്കാനും ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ ശേഖരിക്കാനും ഇവിടെ സൗകര്യമുണ്ടാകും.