സി.ബി.എസ്.ഇ. ജില്ലാ കലോല്‍സവത്തിന്റെ സംഘാടകരുടെ പിഴവുമൂലം വിദ്യാര്‍ഥിനിക്ക് സംസ്ഥാന കലോല്‍സവത്തിനുള്ള അവസരം നഷ്ടപ്പെട്ടതായി പരാതി. തൃശൂര്‍ കോലഴി ചിന്‍മയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് സി.ബി.എസ്.ഇ. അധികൃതരെ പരാതിയുമായി സമീപിച്ചത്.
സി.ബി.എസ്.ഇ. സംസ്ഥാന കലോല്‍സവങ്ങളില്‍ പങ്കെടുത്ത് നൃത്ത ഇനങ്ങളില്‍ നേരത്തെ വിവിധ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വിദ്യാര്‍ഥിനിയാണിത്. തൃശൂര്‍ കോലഴി ചിന്‍മയാ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സൗഭാഗ്യ. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കലോല്‍സവത്തില്‍ നൃത്തം ചെയ്യുന്നതിനിടെ വേദിയില്‍ വീണു കിടന്നിരുന്ന കമ്മല്‍ കാലില്‍ തുളച്ചുക്കറി. പരുക്കു പറ്റിയിട്ടും നൃത്തം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ , അപ്പീല്‍ നല്‍കിയപ്പോള്‍ പരുക്കുപ്പോലും നോക്കാതെ തള്ളിയെന്നാണ് പരാതി. വേദിയില്‍ കമ്മല്‍ തറച്ചുകിടക്കുന്നത് നീക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ശ്രദ്ധിച്ചു കളിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വിവിധ നൃത്ത ഇനങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. എന്നിട്ടും, സംഘാടകര്‍ നീതി കാട്ടിയില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥിനിയുടേയും കുടുംബത്തിന്റേയും തീരുമാനം.