സെക്രട്ടേറിയറ്റ് ഹൗസിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും കടത്താൻ പിരിച്ചുവിട്ട ഭരണസമിതി ഭാരവാഹികളുടെ ശ്രമമെന്ന് ആരോപണം. സൊസൈറ്റിയിൽ നിന്ന് ഫയലുകളുമായി വന്ന വാഹനം ഇടതുപക്ഷസംഘടനയിൽ പെട്ട ജീവനക്കാർ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. എന്നാൽ ആരോപണം കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ട ഭരണസമിതിയംഗങ്ങൾ നിഷേധിച്ചു.
കോടികളുടെ അഴിമതി ആരോപണം ഉയർന്ന സെക്രട്ടേറിയേറ്റ് സ്റ്റാഫ് ഹൗസിങ്ങ് സഹകരണ സംഘം ഭരണസമിതി പിരിച്ചു വിട്ട് രണ്ടുദിവസം പിന്നിടുമ്പോൾ തെളവ് നശിപ്പിക്കാൻ ശ്രമം നടന്നെന്നാണ് ആരോപണം. ഇന്ന് പകൽ 11 മണിയോടെ സഹകരണസംഘം ഓഫിസ് കോംപൗണ്ടിൽ നിന്ന് ഫയലുകളുമായി പുറത്തേക്കിറങ്ങിയ വാഹനം ജീവനക്കാര്‍ തടയുകയായിരുന്നു.
എന്നാൽ അഴിമതി കണ്ടെത്തിയത് ഭരണസമിതിതന്നെയാെണന്നും ഫയലുകൾ കടത്താൻശ്രമിച്ചിട്ടില്ലെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
കോൺഗ്രസ് അനുകൂല ഭരണസമിതിയാണ് വർ··ഷങ്ങളായി സംഘം ഭരിക്കുന്നത്. ചില ഭാരവാഹികളുടെ നേതൃത്വത്തിൽവൻ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ഒരംഗം പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സഹകരണവകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷം നിലവിലെ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ ആർ.എസ്.ഷരീഫ് സംഘം അഡ്മിനിട്രേറ്ററായി ഇന്ന് ചുമതലയേറ്റു.