വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി. വിനോദ സഞ്ചാരികൾ കടല്‍ക്കാഴ്ച കാണാനെത്തുന്ന പ്രദേശത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയാണ്. അനധികൃത നിർമാണങ്ങളാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് ആക്ഷേപം.
വർക്കല ബീച്ചിൽ കടൽക്കാഴ്ച കാണാനായി സഞ്ചാരികളെത്തുന്ന ഉയർന്ന പ്രദേശമാണ് ക്ളിഫ്. ക്ളിഫിനും കടൽതീരത്തിനും ഇടയിലുള്ള മൺതിട്ടയാണ് തുടർച്ചയായി ഇടിയുന്നത്. ഇന്നലെ വൈകിട്ട് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരുക്കേറ്റു. വിനോദസഞ്ചരികൾ സഞ്ചരിക്കുന്ന നടപ്പാതയോടെ ചേർന്ന പ്രദേശത്ത് മണ്ണിടിഞ്ഞ് കൂടുതൽ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുകയാണ്.
റിസോർട്ടുകളടക്കമുള്ള സ്ഥാപനങ്ങളിലെ ഡ്രെയിനേജ് പൈപ്പുകളും മറ്റും ഈ പ്രദേശത്തൂടെയാണ് കടന്ന് പോകുന്നത്. ഇവിടേക്ക് മാലിന്യം അടക്കമുള്ള വെള്ളം തുറന്ന് വിടുന്നതാണ് മണ്ണിടിയാൻ കാരണമെന്നാണ് ആക്ഷേപം. കെ.ടി.ഡി.സിയും മുൻസിപ്പാലിറ്റിയും ഇത്തരം അനധികൃത നിർമാണങ്ങൾ നിയന്ത്രിക്കാൻ ഇടപെടുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.