ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗം. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ചെയർമാൻ രാജിവെയ്ക്കണമെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഏതന്വേഷണവും നേരിടാൻ ഒരുക്കമാണെന്ന നിലപാടിലാണ് ഭരണപക്ഷം
യുഡിഫ് ഭരിക്കുന്ന ചെങ്ങന്നൂർ നഗരസഭയിൽ 2016 -17 വർഷത്തെ പദ്ധതി നിർവഹണത്തിൽ 3.4 കോടിയുടെ ക്രമക്കേട് നടന്നതായാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നഗരസഭയുടെ അവശ്യങ്ങൾക്ക് വിവിധ സാധങ്ങൾ വാങ്ങിയ വകയിലും മരാമത്ത് ജോലികൾ നടത്തിയതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഒൻപത് ലക്ഷം രൂപ ശുചീകരണ തൊഴിലാളികളുടെ വേതന ഇനത്തിൽ നൽകിയെന്ന നഗരസഭയുടെ കണക്കുകളിലും പൊരുത്തക്കേടുകളുണ്ട്. നഗരസഭാ കൗൺസിൽ അറിയാതെ ഫണ്ടുകൾ ചില ബാങ്കുകളിലേക്ക് മാറ്റിയതായും ഓഡിറ്റ് വിഭാഗം പരിശോധനയിൽ കണ്ടെത്തി. ചെയർമാൻ , സെക്രട്ടറിയുടെ ചുമതയുള്ള ഉദ്യോഗസ്ഥൻ എന്നിവർക്ക് ഇക്കാര്യത്തിൽ തുല്യ പങ്കാളിത്തമുണ്ടെന്നും, ക്രമക്കേട് കണ്ടെത്തിയ എല്ലാ ചെക്കുകളിലും പദ്ധതികളിലും ചെയർമാൻ ജോൺ മുളം കാട്ടിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ചെയർമാൻ ജോൺ മുളംങ്കാട്ടിൽ പ്രതികരിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് ഭരണകക്ഷി അംഗങ്ങൾ
പതിനൊന്നു ദിവസം നീണ്ട പരിശോധനയാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ചെക്കന്നൂർ നഗരസഭയിൽ നടത്തിയത്. എൽഡിഎഫിനു പുറമെ ബിജെപിയും ഓഡിറ്റ് റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.