തിരുവനന്തപുരം പാറശാലയിലെ നിര്‍മൽ കൃഷ്ണ ബാങ്ക് തട്ടിപ്പ് നടന്ന് 50 ദിവസം പിന്നിട്ടിട്ടും കേസും നടപടിയും എവിടെയുമെത്താത്തതിൽ നിക്ഷേപകർ ആശങ്കയിൽ. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു കിട്ടുമോ എന്നുപോലും ഉറപ്പില്ലാത്ത സ്ഥിതിയാണ്. തട്ടിപ്പിലെ മുഖ്യപ്രതി നിർമലൻ ഇപ്പോഴും ഒളിവിലാണ്.
മക്കളുടെ ഉറപ്പിച്ച വിവാഹം നടത്താൻ നെട്ടോട്ടമോടുന്ന രക്ഷിതാക്കൾ, ചികിത്സ മുടങ്ങിയ രോഗികൾ, ഉപരിപഠനം പാതി വഴിയിലായ വിദ്യാർഥികൾ, വാർധക്യകാലത്ത് ആശ്രയമാകുമെന്നു കരുതിയ നിക്ഷേപം നഷ്ടപ്പെട്ടവർ. ബാങ്ക് തട്ടിപ്പിന്റെ ഫലമായി പാറശാല അതിർത്തി പ്രദേശമൊന്നാകെ ദുരിതഭൂമിയായ് മാറി. 50 ദിവസം പിന്നിട്ടപ്പോൾ നിക്ഷേപകരിൽ ഒരാൾ ജീവനൊടുക്കുകയും ചെയ്തതോടെ പരിഭ്രാന്തി നീക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പതിമൂവായിരത്തിലധികം നിക്ഷേപകരുണ്ടെന്നാണ് ബാങ്കിലെ രേഖകളിലെങ്കിലും യഥാർഥ കണക്കനുസരിച്ച് പതിനാറായിരത്തിലധികം നിക്ഷേപകർ വരുമെന്നാണ് കരുതുന്നത്. ഇത് പരോക്ഷമായി ഒന്നരലക്ഷത്തോളമാളുകളെ ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. നിക്ഷപകരിൽ പടരുന്ന നിരാശ മാനസികപ്രശ്നമായി മാറാതിരിക്കാൻ കൗൺസലിങ്ങും ആരംഭിച്ചിട്ടുണ്ട്.