ശംഖുമുഖത്ത് നടന്ന ആറാട്ടോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം. ശംഖുമുഖം കടപ്പുറത്തു നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ പത്മനാഭസ്വാമി മൂന്നുതവണ കടലിൽ ആറാടിയതോടെയാണ് പത്തുദിവസം നീണ്ടുനിന്ന ഉൽസവത്തിന് സമാപനമായത്.
ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ പത്മനാഭസ്വാമിയും നരസിംഹമൂർത്തിയും തിരുവമ്പാടി കൃഷ്ണനും പുറത്തേക്ക് എഴുന്നള്ളി. ശ്രീകോവിൽ വലംവച്ച് കൊടിമരച്ചുവട്ടിൽ ദീപാരാധന കഴിഞ്ഞ് പടിഞ്ഞാറേ നടവഴി ആറാട്ടുഘോഷയാത്ര പുറപ്പെട്ടു. തിരുവിതാംകൂർ രാജകുടുംബാംഗം മൂലം തിരുനാൾ രാമവർമ പച്ചക്കൽ മാല അണിഞ്ഞ് ഉടവാളുമായി അകമ്പടി സേവിച്ചു.
വിമാനത്താവളത്തിനുള്ളിലൂടെ ആറാട്ടുഘോഷയാത്ര ശംഖുമുഖം കടപ്പുറത്തേയ്ക്ക്. ഈ സമയം റൺവേ അടച്ചിട്ടു. ആറാട്ടുഘോഷയാത്രയ്ക്ക് കടന്നുപോകുന്നതിനായി വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. ശംഖുമുഖത്ത് പ്രത്യേകം തയ്യാറാക്കിയ മണൽതിട്ടയിൽ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജ നടത്തി. പിന്നെ കടലിൽ മൂന്നുവട്ടം ആറാടിച്ചു.
ഇന്നു നടക്കുന്ന ആറാട്ട് കലശപൂജയോടെ അടുത്ത അൽപശി ഉൽസവത്തിനുള്ള കാത്തിരിപ്പ്.