നിർമൽ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാർ തിരുവനന്തപുരം- കന്യാകുമാരി ദേശീയപാത ഉപരോധിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ദേശീയപാതയിൽ ഉദയൻകുളങ്ങരയിലേക്ക് കൊണ്ടുവന്നു. ബാങ്ക് ഉടമ നിർമ്മലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
ഈ പ്രതിഷധത്തിനു പിന്നിൽ ഒരു നാടിന്റെ തീരാത്ത ആശങ്കകളും പരിഭ്രാന്തിയുമുണ്ട്. നിർമ്മൽ ക്ൃഷ്ണ ബാങ്കു നിക്ഷേപ തട്ടിപ്പിനിരയായ രാണ്ടാമത്തെ ആളാണ് ഇപ്പോൾ മരിച്ചത്. മൂന്നരലക്ഷം നിക്ഷേപിച്ച വയോധിക മനോവിഷമം മൂലമുണ്ടായ രോഗങ്ങളെ തുടർന്ന് മരിച്ചു. മകളുടെ വിവാഹാവശ്യങ്ങൾക്കു വേണ്ടി നിക്ഷേപിച്ചിരുന്ന 5 ലക്ഷത്തിലധികം രൂപ നഷ്ട്ടപ്പെടുമെന്ന മാനസിക സമ്മർദത്തെ തുടർന്ന് താന്നിവിള അശ്വതി ഭവനിൽ വേണുഗോപാലൻ നായർ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. നിർമ്മൽ കൃഷ്ണ ഒളിവിൽ പോയിട്ട് 50 ദിവസം കഴിഞ്ഞു. മൃതശരീരം ദേശിയ പാതയിലേക്കിറക്കി സമരം ചെയ്യാൻ നാട്ടുകാരെ പ്രേരിപ്പിച്ചതും ഇതുതന്നെ.ഒരു മണിക്കൂറോളം ദേശിയ പാതയിലെ ഗതാഗതം തടസപ്പെട്ടു.
സ്ഥലം എം.എൽ.എമാരും പോലീസും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോയ്. നിർമൽ കൃഷ്ണയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.