തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിനു വീണ്ടും ജീവൻ വയ്ക്കുന്നു. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ റവന്യുവകുപ്പ് ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. പത്തര കിലോമീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിലാണ് ബൈപാസ് വരുന്നത്.
ദേശീയപാത ആറ്റിങ്ങലിലെ ഗതാഗത കുരുക്ക് അഴിക്കാനാണ് ബൈപാസ് എന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനായി ആദ്യം തീരുമാനിച്ച ബൈപാസ് പാത ഒഴിവാക്കി മാമം മുതൽ കല്ലമ്പലം വരെയുള്ള പുതിയ പാത നിശ്ചയിച്ചു ,സർവേ നടത്തി കല്ലിട്ടു. പിന്നീട് അനക്കമില്ലാതായി. ഇപ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ബൈപാസും വരുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ വില്ലേജ്,സർവേനമ്പർ ,സബ്ഡിവിഷൻ നമ്പർ എന്നിവ ദേശീയ പാത അതോറിറ്റിക്ക് റവന്യു വകുപ്പ് കൈമാറി.
ഇനി വരേണ്ടത് വിഞ്ജാപനമാണ്.വിഞ്ജാപനശേഷം പ്രമാണ പരിശോധനയും ഭൂമിയേറ്റടുക്കലും. പുതിയ രേഖയിൽ മാമം പാലത്തിനുശേഷം പാത തുടങ്ങി കല്ലമ്പലം ആയാം കോണത്ത് അവസാനിക്കും. ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ പുതിയ നീക്കത്തെ നോക്കി കാണുന്നത് . സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച വിഞ്ജാപനം അടുത്തമാസം പകുതിയോടെ ഉണ്ടാകുമെന്നാണ് ദേശീയപാത അതോറിറ്റി നൽകുന്ന സൂചന